ബെംഗളൂരു:പരീക്ഷയ്‌ക്ക് കോപ്പിയടിച്ചത് അധ്യാപകന്‍ കണ്ടെത്തിയതില്‍ മനംനൊന്ത് അപ്പാര്‍ട്‌മെന്‍റ് കെട്ടിടത്തിന്‍റെ 14-ാം നിലയില്‍ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ സംപിഗേഹള്ളിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നൂര്‍ നഗര്‍ ലേഔട്ടില്‍ താമസിക്കുന്ന മുഹമ്മദ് നൂര്‍, നോഹേറ ദമ്പതികളുടെ മകന്‍ മോഹിന്‍ ഖാനാണ്(15) ആത്മഹത്യ ചെയ്‌തത്.
ഹെഗ്ഡെ നഗറിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മോഹിന്‍ ഖാന്‍. ഇന്നലെ രാവിലെയായിരുന്നു സ്‌കൂളില്‍ പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷയ്‌ക്കിടയില്‍ മോഹിന്‍ കോപ്പിയടിച്ചത് അധ്യാപകന്‍ കണ്ടിരുന്നുവെന്നും വിദ്യാര്‍ഥിയെ താക്കീത് ചെയ്‌തിരുന്നുവെന്നും പൊലീസ് പറയുന്നു.
അധ്യാപകന്‍ ശകാരിച്ചതില്‍ മനംനൊന്ത വിദ്യാര്‍ഥി ആരോടും പറയാതെ വീട്ടിലെത്തി. തുടര്‍ന്ന് വൈകുന്നേരം ഏകദേശം അഞ്ച് മണിയായപ്പോള്‍ വീടിന്‍റെ അടുത്തുള്ള അപ്പാര്‍ട്‌മെന്‍റിന്‍റെ 14-ാം നിലയില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അപ്പാര്‍ട്‌മെന്‍റിലെ ഒരു താമസക്കാരന്‍ മോഹിനെ രക്ഷപ്പെടുത്താന്‍ കൈനല്‍കിയിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
അപ്പാര്‍ട്‌മെന്‍റില്‍ മോഹിന്‍റെ സുഹൃത്ത് താമസിക്കുന്നതിനാല്‍ നിരന്തരം മോഹിന്‍ അവിടെ സന്ദര്‍ശനത്തിന് എത്തുമായിരുന്നു. പതിവ് പോലെ മോഹിന്‍ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതാണെന്ന് കരുതിയാണ് ഉള്ളിലേയ്‌ക്ക് കടത്തിവിട്ടതെന്ന് സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. സംഭവം സ്‌കൂളിന്‍റെയും സുരക്ഷ ജീവനക്കാരന്‍റെയും അനാസ്ഥ മൂലമാണെന്ന് മോഹിന്‍റെ മാതാപിതാക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് സംപിഗേഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.