മുസഫര്‍നഗര്‍ (ഉത്തര്‍പ്രദേശ്) :മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ (Student Beaten By Classmates On Instruction Of Teacher) കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. നടുക്കുന്ന സംഭവത്തിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യം പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. മുസഫര്‍നഗര്‍ ജില്ലയിലെ മന്‍സൂര്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖബാപുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു സംഭവം (Student Beaten By Classmates).
അധ്യാപിക വിദ്യാര്‍ഥികളോട് മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കാന്‍ ആവശ്യപ്പെടുന്നതും വിദ്വേഷപരമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. സ്‌കൂള്‍ പരിസരം വൃത്തിയാക്കാത്തതിനാണ് കുട്ടിയെ ശിക്ഷിക്കാന്‍ അധ്യാപിക സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അധ്യാപികയുടെ പ്രവര്‍ത്തിയില്‍ വിമര്‍ശനം രേഖപ്പെടുത്തി രംഗത്തുവന്നത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിനിമ താരങ്ങളായ പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഓഫിസര്‍ ഖതൗലി രവിശങ്കര്‍ പ്രതികരിച്ചിരുന്നു. പിന്നാലെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്‌തു.
എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനിക്ക് അധ്യാപകന്‍റെ മര്‍ദനം :നേരത്തെ പൗരി ഗര്‍വാള്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പൗരി യാങ്കേശ്വര്‍ മണ്ഡലത്തില്‍ പൗഖല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരു റാം റായ് ഇന്‍റര്‍മീഡിയറ്റ് കോളജിലാണ് സംഭവം. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്‌എസ്) ക്യാമ്പിനിടെ ആയിരുന്നു വിദ്യാര്‍ഥിനിയെ അധ്യാപകന്‍ മര്‍ദിച്ചത്.