ഇൻഡോർ (മധ്യപ്രദേശ്): നാലാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കോമ്പസ് ഉപയോഗിച്ച് അക്രമിച്ചു (Student attacked by classmates). മധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ സ്‌കൂളിലാണ് വഴക്കിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ ചേര്‍ന്ന് കോമ്പസ് ഉപയോഗിച്ച് 108 തവണ ആക്രമിച്ചത് (Attacked with geometry compass). സംഭവം ശ്രദ്ധയിൽപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി (Child Welfare Committee - CWC) പൊലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 24 ന് എയ്‌റോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് സംഭവം.
സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്‍റെ കാരണം കണ്ടെത്താൻ ഞങ്ങൾ പൊലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ പല്ലവി പോർവാൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കൗൺസിലിംഗ് ചെയ്യുകയും അക്രമാസക്തമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ഗെയ്‌മുകൾ കുട്ടികൾ കളിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്യും പോർവാൾ കൂട്ടിചേര്‍ത്തു.
നവംബർ 24 ന് ഉച്ചയ്ക്ക് 2 മണിയോടെ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ കുട്ടിക്ക് കുത്തേറ്റതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പോകാൻ അനുവദിച്ചു. വീട്ടിൽ തിരിച്ചെത്തിയ മകൻ ദുരനുഭവം വിവരിക്കുകയുണ്ടായെന്നും. സഹപാഠികൾ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും അറിയില്ലെന്ന് പറഞ്ഞതായും ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സ്‌കൂൾ മാനേജ്മെന്‍റ് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.