ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ തെരുവുനായ്‌ക്കളുടെ ആക്രമണം. ലഖ്‌നൗവിലെ വസിര്‍ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു(06.06.2023) സംഭവം. ദീപു സോങ്കര്‍ -മിഷ്‌ടി സോങ്കര്‍ ദമ്പതികളുടെ മകളായ പരിധി സോങ്കറിനും(9), ദീപുവിന്‍റെ സഹോദരനായ റിടേഷ് സോങ്കറിന്‍റെ പത്ത് വയസുകാരിയായ മകള്‍ക്കും നേരെയായിരുന്നു തെരുവുനായ്‌ക്കളുടെ ആക്രമണം ഉണ്ടായത്.
ഇരുവരും വീടിന്‍റെ പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടമായി എത്തിയ തെരുവുനായ്‌ക്കള്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ കരയുന്നത് കേട്ട് ഇവരുടെ മാതാപിതാക്കള്‍ ഓടിയെത്തിയിരുന്നു. ഇവര്‍ എത്തുമ്പോഴേയ്‌ക്കും നായകള്‍ പെണ്‍കുട്ടികളെ വലിച്ചിഴച്ചിരുന്നു.
കുട്ടികളെ രക്ഷിച്ചത് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍: നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുടുംബാംഗങ്ങള്‍ പെണ്‍കുട്ടികളെ നായ്‌കളുടെ കൈയ്യില്‍ നിന്നും രക്ഷിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
പ്രദേശത്ത് നിരന്തരമായുണ്ടാകുന്ന തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. ലക്‌നൗവില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് കുട്ടികളെ കളിക്കുവാന്‍ പോലും മാതാപിതാക്കള്‍ പുറത്തേയ്‌ക്ക് അയക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ തെരുവുകളില്‍ വടിയുമായി ചുറ്റുകയാണ്.
അന്ത്യമില്ലാതെ തെരുവുനായ ആക്രമണം: മൃഗങ്ങളെ തുറന്ന പ്രദേശത്ത് കശാപ്പ് ചെയ്യുന്നതിനെ തുടര്‍ന്ന് നായ്‌ക്കള്‍ ഭക്ഷണം തേടിയെത്തുന്നതിനാലാണ് ആക്രമണം വര്‍ധിക്കുവാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോഴും മൃഗങ്ങളെ രഹസ്യമായി നിരവധി സ്ഥലങ്ങളില്‍ കശാപ്പ് ചെയ്‌ത് തുറസായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാറുണ്ടെന്നും അവര്‍ പറയുന്നു. മൃഗങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഭക്ഷിച്ച ശേഷമാണ് നായ്‌ക്കള്‍ കൂടുതല്‍ അക്രമകാരികളാകുന്നത്.
ദിവസേന അവര്‍ക്ക് ഭക്ഷിക്കുവാന്‍ മാംസം ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ കുട്ടികളെ അക്രമിക്കുന്നുവെന്ന് പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാന നഗരമായ ലഖ്‌നൗവില്‍ തെരുവുനായ ആക്രമണത്തിന്‍റെ നിരവധി വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് പകരം മുന്‍സിപ്പാലിറ്റി അധികൃതര്‍ മുഖം തിരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
തെരുവുനായ ആക്രമണം, നിയന്ത്രണം നഷ്‌ടപ്പെട്ട് സ്‌കൂട്ടര്‍: അതേസമയം, അടുത്തിടെ ഒഡിഷയിലെ ബ്രഹ്മപൂരില്‍ തെരുവുനായ്‌ക്കളുടെ ആക്രമണം ഭയന്ന് സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേയ്‌ക്ക് ഇടിച്ചു കയറി കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒഡിഷയിലെ ഗഞ്ചമിലെ ബ്രഹ്മപൂര്‍ നഗരത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്. സഹോദരിമാരായ സുപ്രിയ, സുസ്‌മിത എന്നിവര്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന കുട്ടിയ്‌ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.
ബ്രഹ്മപൂര്‍ നഗരത്തിലെ ഗാന്ധിനഗര്‍ സ്വദേശികളായ സഹോദരിമാര്‍ കുട്ടിയുമായി നിലകേശ്വര്‍ ക്ഷേത്രത്തിലേയ്‌ക്ക് പോവുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഈ സമയത്താണ് ഒരു കൂട്ടം തെരുവുനായ്‌ക്കള്‍ ഇവരുടെ സ്‌കൂട്ടറിന് പിന്നാലെ കൂടിയത്. നായകള്‍ കടിക്കാനായി ഒരുപാട് ദൂരം പിറകിലോടി വന്നതോടെ സ്‌കൂട്ടറിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
ഇതിനിടെ ഇവര്‍ നായകളെ തുരത്താന്‍ ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്. അഞ്ച് നായകളാണ് ഇവരുടെ വാഹനത്തിന് പിറകെ ഓടിയെത്തിയത്.