കൊല്‍ക്കത്ത (പശ്ചിമബംഗാള്‍) : 1863 കാലഘട്ടം. അന്നത്തെ കല്‍ക്കട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ സ്റ്റുവര്‍ട്ട് ഹോഗിന്‍റെ വസതിക്ക് മുന്നില്‍ ഒരു സംഘം പൊലീസുകാരെത്തി. കാര്യം തിരക്കിയ ചെയര്‍മാന് മുന്നില്‍ പൊലീസ് സംഘം മറുപടി പറയാതെ തല കുനിച്ച് നിന്നു. ഒടുവില്‍ അവര്‍ക്ക് അദ്ദേഹത്തോട് അവരുടെ വരവിന്‍റെ ഉദ്ദേശം വിശദീകരിക്കേണ്ടി വന്നു.
കൃത്യ നിര്‍വഹണത്തെ ഉത്തരവാദിത്തത്തോടെ സമീപിക്കുകയും ജനങ്ങളോട് സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് സംഘം എത്തിയിരിക്കുന്നത്. അതും അലഹബാദ് കോടതിയുടെ ഉത്തരവുമായി.
എന്നാല്‍ കോടതി ഉത്തരവില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. അക്കാലത്ത് കല്‍ക്കട്ട പൊലീസ് കമ്മിഷണര്‍ കൂടിയായിരുന്ന സ്റ്റുവര്‍ട്ടിനോട് മുനിസിപ്പല്‍ ചെയര്‍മാനായ സ്റ്റുവര്‍ട്ടിനെ തന്നെ അറസ്റ്റ് ചെയ്യാനാനാണ് കോടതി നിര്‍ദേശിച്ചത്. ഇത്തരമൊരു അപൂര്‍വ ഉത്തരവ് മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. തന്നെ അറസ്റ്റ് ചെയ്യാന്‍ സ്വയം ഉത്തരവ് ഇറക്കിക്കൊണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സ്റ്റുവര്‍ട്ട് ഹോഗ് അന്ന് വീണ്ടും ചര്‍ച്ച ആവുകയായിരുന്നു.
ആരാണ് സ്റ്റുവര്‍ട്ട് ഹോഗ് :മനോഹരമായ തേംസ് നദിയുടെ തീരത്തുള്ള എലൈറ്റ് എറ്റണ്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ സര്‍ സറ്റുവര്‍ട്ട് സോണ്ടേഴ്‌സ് ഹോഗ് എന്ന സ്റ്റുവര്‍ട്ട് ഹോഗ് 1853ലാണ് ഇന്ത്യയിലെത്തുന്നത്. ബംഗാളിലെ സിവില്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം ബര്‍ദ്‌വാനിലെ ജില്ല മജിസ്‌ട്രേറ്റ് എന്ന നിലയിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സത്യസന്ധനും ഉദാര മനസ്‌കനും സൗമ്യനുമായ ഹോഗ് സമര്‍ഥനായ ഒരു ഭരണാധികാരി കൂടി ആയിരുന്നു.
1865 ലെ ക്ഷാമ കാലത്ത് ഹോഗിന്‍റെ ഓഫിസ് വാതിലുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നു കിടന്നു. അക്കാലത്ത് നാട്ടിലെ ആയിരക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടത് സ്റ്റുവര്‍ട്ട് ഹോഗ് എന്ന ഭരണാധികാരിയുടെ ജനസേവന മനോഭാവം ഒന്നുകൊണ്ട് മാത്രമായിരുന്നു. ഹോഗിന്‍റെ ഈ പ്രവര്‍ത്തി ജനങ്ങളുടെ മനസില്‍ അദ്ദേഹത്തിന് ദൈവതുല്യമായ പദവി നേടിക്കൊടുത്തു.
1866ന്‍റെ മധ്യത്തില്‍ ഹോഗിന് ബര്‍ദ്‌വാനില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ചു. ശേഷം കല്‍ക്കട്ടയില്‍ (ഇന്നത്തെ കൊല്‍ക്കത്ത) എത്തിയ അദ്ദേഹത്തിന് രണ്ട് പദവികള്‍ ഒന്നിച്ച് വഹിക്കേണ്ടി വന്നു. ഒന്ന് കല്‍ക്കട്ട മുനിസിപ്പല്‍ ചെയര്‍മാന്‍റെയും മറ്റൊന്ന് കല്‍ക്കട്ട പൊലീസ് കമ്മിഷണറുടെതും. കൃത്യ നിര്‍വഹണത്തില്‍ ഉത്തരവാദിത്തത്തോടെ ഇടപെടുന്ന ഹോഗ് ദിവസവും ഉച്ചവരെ പൊലീസ് ആസ്ഥാനമായ ലാൽബസാറിലും ഉച്ചയ്ക്ക് ശേഷം മുനിസിപ്പല്‍ ആസ്ഥാനമായ ജാൻബസാർ സ്‌ട്രീറ്റിലും പ്രവര്‍ത്തിച്ചുപോന്നു.
ഔദ്യോഗിക ജീവിതത്തിലെ നാഴികക്കല്ലുകള്‍ : കല്‍ക്കട്ട നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് ഒരു മാര്‍ക്കറ്റ് എന്നത് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്റ്റുവര്‍ട്ട് ഹോഗിന്‍റെ ആശയമായിരുന്നു. 1874 ജനുവരി ഒന്നിന് നിർമാണം പൂര്‍ത്തിയാക്കിയ ഈ മാർക്കറ്റ് ആദ്യം ഹോഗ് സാഹേബ്‌സ് മാർക്കറ്റ് എന്നറിയപ്പെട്ടു. 28 വർഷത്തിനുശേഷം 1903-ൽ, അത് ഔദ്യോഗികമായി സ്റ്റുവർട്ട് ഹോഗ് മാർക്കറ്റ് എന്ന് നാമകരണം ചെയ്യപ്പെട്ടു.