ഓസ്‌കർ വേദിയിൽ പാടി തിളങ്ങി പുരസ്‌കാരവുമായി ഇന്ത്യയിലേക്ക് എത്തിയ നാട്ടു നാട്ടു ഗാനം ലോക പ്രേക്ഷകരുടെ കാതുകളിൽ ഇരമ്പുകയാണ്. എന്നാൽ ഈ ഗാനം പാടിയ ഗായകനെ കുറിച്ച് എത്ര പേർക്ക് അറിയാം.
കുട്ടിക്കാലത്ത് പാട്ടുപാടുന്നത് അച്ഛൻ കേൾക്കുമോ എന്ന് ഭയന്നിരുന്ന, മറ്റുള്ളവർക്ക് മുൻപിൽ പേടിച്ചുനിന്ന, ചുമരിലും മേശപ്പുറത്തും താളം പിടിച്ച പയ്യൻ ഇന്ന് പ്രത്യക്ഷപ്പെട്ടത് ഓസ്‌കർ വേദിയിൽ. ഹൈദരാബാദിലെ തെരുവുകളിൽ നിന്നും ഗോള്‍ഡൻ ഗ്ലോബിലേക്കും ഓസ്‌കർ വേദിയിലേക്കും വരെ തന്‍റെ ശബ്‌ദമെത്തിച്ച സലൂൺ ജോലിക്കാരനായ രാഹുൽ സിപ്ലിഗഞ്ചിന്‍റെ വാക്കുകൾ...
ഏഴാം ക്ലാസ് പരീക്ഷ തോറ്റ് വീട്ടിൽ വന്നപ്പോൾ നിന്‍റെ അച്ഛൻ കണ്ട സ്വപ്‌നം അമേരിക്കയാണെന്നും ഏഴിൽ തന്നെ തോറ്റ നീ ഇപ്പോൾ തന്നെ പഠിത്തം നിർത്തുന്നതാണ് നല്ലതെന്നും വീട്ടിൽ വന്നൊരാൾ പറഞ്ഞത് ഓർക്കുന്നു. അന്ന് ഒരുപാട് നാണക്കേട് തോന്നി. അച്ഛന്‍റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കണമെന്ന് മനസിൽ കരുതി.
നേട്ടങ്ങൾക്ക് പിന്നിൽ: സിനിമാലോകം ഒന്നടങ്കം ഓസ്‌കർ വേദിയിൽ പാടിയ ഗാനം അവിശ്വസനീയമായിരുന്നു. ഓസ്‌കർ ലഭിക്കുന്നതു പോലെ തന്നെ മഹത്തരമായിരുന്നു. ജീവിതത്തിൽ നേട്ടങ്ങളൊന്നും എളുപ്പത്തിൽ കിട്ടിയതായിരുന്നില്ല. യൂട്യൂബ് വീഡിയോകൾ, സിനിമ ഗാനങ്ങൾ, ബിഗ് ബോസ് വിജയം, ഗോൾഡൻ ഗ്ലോബ്, ഓസ്‌കർ.. ഇതിനെല്ലാം പിന്നിൽ ഉറക്കമില്ലാത്ത രാത്രികളും മാതാപിതാക്കളുടെ പരിശ്രമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ആഗ്രഹങ്ങളും എല്ലാം ഉണ്ട്.
ധൂൽപേട്ടിനടുത്തുള്ള മംഗൽഹാട്ടിലാണ് ജനിച്ചതും വളർന്നതും. അച്ഛൻ രാജ്‌കുമാർ ബാർബറും അമ്മ സുധാറാണി വീട്ടമ്മയുമാണ്. ഒരു ഇളയ സഹോദരിയും ഒരു സഹോദരനുമുണ്ട്. പഠനത്തിൽ പുറകിലായിരുന്നെങ്കിലും പാട്ടുകൾ പാടാനുള്ള താത്‌പര്യം തുറന്നുപറയാൻ ഭയമായിരുന്നു. ഒരിക്കൽ ഞാൻ പാടുന്നത് അച്ഛൻ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. പിന്നീട് ചെറിയ ആഘോഷങ്ങളിൽ പാടുകയും ഒപ്പം അച്ഛനൊപ്പം ബാർബറായി ജോലി ചെയ്യുക കൂടി ചെയ്‌തു പോന്നു.
പണം കടം വാങ്ങി വീഡിയോ ഉണ്ടാക്കി:ആറ് വർഷക്കാലം ഗസൽ സംഗീതം പരിശീലിച്ചു. അതിനുശേഷം ഒരു വർഷം ശാസ്‌ത്രീയ സംഗീതം. സിനിമയിൽ പാടാനുള്ള ആഗ്രഹം കൊണ്ട് അവസരങ്ങൾ തേടി അച്ഛനൊപ്പം സ്‌റ്റുഡിയോകളിൽ അലഞ്ഞു. പിന്നീട് സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ഡബ്ബ് ചെയ്‌ത സിനിമകൾക്കായി തെലുഗുവിൽ പാടാൻ അവസരം ലഭിച്ചു. സംഗീത സംവിധായകർക്ക് വേണ്ടി ഞാൻ കോറസും പശ്ചാത്തല ഗാനങ്ങളും പാടുമായിരുന്നു.
2013ൽ സിനിമയിൽ പാടാൻ അവസരം ലഭിച്ചതോടെയാണ് വീഡിയോ ആൽബങ്ങൾ ചെയ്യാൻ തുടങ്ങിയത്. മൂന്ന് ലക്ഷം രൂപ വരെ ആൽബങ്ങൾക്ക് ചെലവ് വന്നിരുന്നപ്പോൾ കടം വരെ വാങ്ങേണ്ടി വന്നിട്ടുണ്ട്. 15 ഗാനങ്ങൾ തെലങ്കാനയുടെ പ്രാദേശിക ഭാഷയിൽ ചിത്രീകരിച്ചു. എല്ലാം നല്ല രീതീയിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു. 'മഗജാതി' ആയിരുന്നു ആദ്യ വീഡിയോ ആൽബം.
യൂട്യൂബ് വീഡിയോകളും ബിഗ് ബോസും ആണ് രാഹുൽ സിപ്ലിഗഞ്ച് എന്ന ഐഡന്‍റിറ്റി നൽകിയത്. ഒരിക്കൽ കീരവാണി സർ വിളിപ്പിക്കുകയും നാട്ടു നാട്ടു പാടാൻ ആവശ്യപ്പെടുകയുമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പാട്ട് പാടിച്ചത്. അന്ന് ആവേശത്തോടെ പാടി ഇറങ്ങിയ ശേഷം പിന്നീട് തമിഴിലും കന്നഡയിലും ഹിന്ദിയിലും പാടാൻ ക്ഷണിച്ചു.
എന്നാൽ ചിത്രമേതാണെന്ന് അപ്പോഴും അറിയില്ലായിരുന്നു. ആ പാട്ട് സിനിമയിൽ വരുമോ എന്ന് പോലും അറിയില്ലായിരുന്നു. ഞാൻ ട്രാക്കായി പാടിയ അതേ ഗാനം കാലഭൈരവ എൻടിആറിന് വേണ്ടിയും ഞാൻ ചരണിന് വേണ്ടിയും പാടി. ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂട്യൂബിൽ ഹിറ്റാകുകയായിരുന്നു..