കൊൽക്കത്ത: ചുറ്റിലും വൻ മരങ്ങൾ...കാട്...ചുറ്റിലും മരങ്ങളാല്‍ ചുറ്റപ്പെട്ട പഴയ കെട്ടിടം...കെട്ടിടത്തിന്‍റെ ഓരോ കോണിലും വിഷാദം തളംകെട്ടി നിൽക്കുന്നു. ആരാലും ശ്രദ്ധിക്കാതെ, ഉപേക്ഷിക്കപ്പെട്ട ഈ കെട്ടിടത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. പീഢനങ്ങളുടെ, ഭയത്തിന്‍റെ, പോരാട്ടങ്ങളുടെ, ചെറുത്തു നിൽപ്പിന്‍റെ ചരിത്രം....
ബംഗാളിലെ ഭീർഭൂം ജില്ലയിലെ ഗുനുഷിയ വില്ലേജിൽ മയൂരാക്ഷി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നീൽകുത്തി എന്നറിയപ്പെട്ടിരുന്ന ഈ നീലം സംസ്‌കരണത്തിനുള്ള കെട്ടിടത്തിനെ നാട്ടുകാർ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. 1775ൽ എഡ്വേർഡ് ഹേ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. ബംഗാളിലെ അക്കാലത്തെ ഏറ്റവും വലിയ ഒറ്റപ്പെട്ട കെട്ടിടമായിരുന്നു നീൽകുത്തി. എന്നാൽ ഇന്നിവിടെ നദീതീരത്ത് ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
നീൽകുത്തിയുടെ പ്രധാന കെട്ടിടം, ഫാം ഹൗസ്, ജോൺ ചിപ്പിന്‍റെ അന്ത്യ വിശ്രമ സ്ഥലം, കൃഷി ആവശ്യത്തിനുള്ള ജലാശയം, നിരീക്ഷണങ്ങൾക്ക് ഉപയോഗിച്ചിരുന്ന വലിയ ഗോപുരങ്ങൾ തുടങ്ങിയവയെല്ലാം വർഷങ്ങളുടെ ചരിത്രത്തിന്‍റെ ഭാരവും പേറി അവിടെയുണ്ട്. എന്നാൽ അവയിലെല്ലാം പേടിപ്പിക്കുന്ന ശൂന്യത നിറഞ്ഞു നിൽക്കുന്നു.