മുംബൈ:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്‍റെ ബന്ധുവിന്‍റെ ആറ് കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ മരവിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അധികാരത്തിലെത്താൻ ക്രൂരമായ പ്രവർത്തനങ്ങൾ നടത്തരുതെന്നും അതിനായി ആരെയെങ്കിലും ജയിലിലിടാനാണ് തീരുമാനമെങ്കിൽ ആദ്യം തന്നെ ജയിലിലിട്ടോളൂ എന്നും താക്കറെ പറഞ്ഞു.
'നിങ്ങൾ എന്തിനാണ് എന്‍റെ കുടുംബത്തെ പീഡിപ്പിക്കുന്നത്. നിങ്ങളുടെ കുടുംബം കുഴിച്ചിട്ട അസ്ഥികൂടങ്ങൾ ഞങ്ങൾ എപ്പോഴെങ്കിലും അടക്കം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ? ഇത് തെറ്റായ രാഷ്‌ട്രീയമാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് ഒന്നും നേടാനാകില്ല. നിങ്ങൾക്ക് ആരെയെങ്കിലും ജയിലിലടയ്‌ക്കണമെങ്കിൽ, അത് ഞാനായിരിക്കട്ടെ. എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ കാണിച്ചുതരാം' താക്കറെ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് താക്കറെയുടെ ഭാര്യാസഹോദരൻ ശ്രീധർ പടങ്കറിൽ നിന്ന് 6.45 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി രണ്ട് ദിവസം മുന്നേ കണ്ടുകെട്ടിയിരുന്നു. ശ്രീധറിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ശ്രീ സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡിലേക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനി ഫണ്ട് നിക്ഷേപിച്ചതായാണ് ഇഡിയുടെ ആരോപണം.
ALSO READ:രണ്ടാമൂഴം; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു
താക്കറെയുടെ ഭാര്യ രശ്‌മി താക്കറെയുടെ താനെയിലെ 11 റസിഡൻഷ്യൽ ഫ്ളാറ്റുകൾ ഉൾപ്പെടെയാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഏപ്രിൽ 4 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അദ്ദേഹം.