പട്‌ന (ബിഹാർ): സ്‌പൈഡർമാനെ പോലെ ഓവർ ബ്രിഡ്‌ജിന് മുകളിൽ തൂങ്ങിക്കിടന്ന് പാഞ്ഞുപോകുന്ന ട്രെയിനിലെ യാത്രക്കാരന്‍റെ ഫോൺ തട്ടിപ്പറിച്ച് വിരുതൻ. അസാമാന്യ മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സെക്കന്‍റുകൾ ഇഴകീറി മുറിക്കുന്ന സമയം കൊണ്ടാണ് മോഷണം നടന്നത്. വീഡിയോ സ്ലോ മോഷനിൽ കണ്ടാൽ മാത്രമാണ് എന്താണ് സംഭവിച്ചത് എന്ന് മനസിലാകൂ.
പാലത്തിൽ തൂങ്ങിക്കിടന്ന് ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു; ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ ബിഹാറിലെ ബെഗുസരായിയിലാണ് മൊബൈൽ ഫോൺ മോഷണം നടന്നത്. ജൂൺ 4ന് പട്‌നയിൽ നിന്ന് ഇന്‍റർസിറ്റി എക്‌സ്‌പ്രസിൽ കതിഹാറിലേക്ക് മടങ്ങുകയായിരുന്നു കതിഹാർ നഗർ സ്വദേശിയായ മുഹമ്മദ് സമീർ. ട്രെയിനിന്‍റെ വാതിലിൽ മറ്റൊരാൾക്കൊപ്പം ഇരുന്നുകൊണ്ട് ഫോണിൽ നദിയുടെ ദൃശ്യങ്ങൾ എടുക്കുകയായിരുന്നു സമീർ.
ഇതിനിടെയിലാണ് സമീറിന്‍റെ ഫോൺ ഓവർ ബ്രിഡ്‌ജിൽ തൂങ്ങിക്കിടന്ന് മോഷ്‌ടാവ് തട്ടിപ്പറിച്ചത്. ഒരു നിമിഷം സ്‌തംഭിച്ചു പോയ സമീർ ഇയർഫോൺ അഴിച്ചുവെച്ച് മൊബൈൽ ഫോൺ പോയി എന്നു പറയുമ്പോഴാണ് കൂടെയുണ്ടായിരുന്നവർക്ക് കാര്യം മനസിലാകുന്നത്. പുറകിൽ നിന്ന് മറ്റൊരാൾ എടുത്ത വീഡിയോയിലാണ് മോഷണ ദൃശ്യങ്ങൾ പതിഞ്ഞത്.
സംഭവത്തെ തുടർന്ന് സമീർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പാലത്തിൽ ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘം സജീവമാണെന്നും മുൻപും നിരവധി പേർ ഇത്തരത്തിൽ പിടിയിലായിട്ടുണ്ടെന്നും കതിഹാർ റെയിൽ എസ്‌പി ഡോ.സഞ്ജയ് ഭാരതി പറഞ്ഞു.