മധുര (തമിഴ്‌നാട്) :37 വർഷങ്ങൾക്ക് മുൻപ് തെങ്കാശി ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ രണ്ട് പഞ്ചലോഹ വിഗ്രഹങ്ങൾ അമേരിക്കയില്‍. ആൾവാർകുറിച്ചിയിലുള്ള നരസിംഗനാഥർ ക്ഷേത്രത്തിൽ നിന്ന് 1985ൽ കാണാതായ വിഗ്രഹങ്ങളാണ് വീണ്ടെടുത്തത്. ഇവ അമേരിക്കയിൽ നിന്ന് കണ്ടെടുത്ത് ക്ഷേത്രഭരണകൂടത്തിന് തിരികെ നൽകി.
പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പഞ്ചലോഹ വിഗ്രഹങ്ങളായ, ഗംഗാലനാഥർ, അധികാര നന്ദി എന്നിവയാണ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ഒന്നും കണ്ടെത്താനാകാതെ 1986ൽ ലോക്കൽ പൊലീസ് കേസവസാനിപ്പിച്ചു. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മ്യൂസിയത്തിൽ നിന്നാണ് കോടികൾ വിലവരുന്ന രണ്ട് പ്രതിമകളും കണ്ടെടുത്തതെന്ന് വിഗ്രഹക്കടത്ത് തടയൽ വിഭാഗം ഡിജിപി ജയന്ത് മുരളി പറഞ്ഞു.
ആരാണ് വിഗ്രഹങ്ങൾ മോഷ്‌ടിച്ചതെന്നും എത്ര രൂപയ്‌ക്കാണ് വിറ്റതെന്നുമുള്ള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ മോഷണം പോയ 22 വിഗ്രഹങ്ങളാണ് വിദേശത്തുനിന്ന് കണ്ടെടുത്തത്. അതിൽ പത്തെണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ തിരികെ കിട്ടിയവയാണ്. പ്രതിമകളിൽ ഭൂരിഭാഗവും യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് കടത്തിയത്.
40ലധികം വിഗ്രഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. മധുരയിലെ മരതക ലിംഗം, കൈമാറിയവരിൽ നിന്ന് വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മോഷണം പോയ വിഗ്രഹങ്ങൾ വിദേശത്തുനിന്ന് വീണ്ടെടുക്കുന്നതിന് വിവിധ നടപടിക്രമങ്ങളുണ്ട്. വിദേശത്ത് നിന്നും ഓരോ വിഗ്രഹങ്ങളും വീണ്ടെടുക്കാൻ ഒരു ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. തമിഴ്‌നാട്ടിലെ അമൂല്യ വിഗ്രഹങ്ങളുടെ സർവേ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മൈലാപ്പൂർ കബാലീശ്വര ക്ഷേത്രത്തിലെ മയിൽ പ്രതിമകൾ കാണാതായ സംഭവത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജയന്ത് മുരളി പറഞ്ഞു.