ശ്രീനഗർ:വരാനിരിക്കുന്നതെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി നിർണയവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്‌മീരിൽ കർഫ്യൂ ഏർപ്പെടുത്തിയത് ജീവൻ രക്ഷിക്കാനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്‌മീരിലേക്കെത്തിയ അദ്ദേഹം ശ്രീനഗറിലെ രാജ്‌ഭവനിൽ സംസാരിക്കുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയതും ഇന്‍റർനെറ്റ് നിരോധിച്ചതും നിരവധി പേർ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കർഫ്യൂ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ എത്ര ജീവനുകൾ നഷ്‌ടപ്പെട്ടേനെയെന്ന് തനിക്കറിയില്ല. 70 വർഷമായി മൂന്ന് കുടുംബങ്ങൾ ഈ പ്രദേശം ഭരിച്ചു. എന്തുകൊണ്ടാണ് ഈ കാലയളവിൽ 40,000 പേർ കൊല്ലപ്പെട്ടതെന്നും ഇതിന് അവർക്ക് ഉത്തരമുണ്ടോയെന്നും അമിത് ഷാ ആരാഞ്ഞു.