ഭോപ്പാല്‍:ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ എടുത്തത് ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍. രണ്ടും ദേശീയ തലത്തില്‍ തന്നെ ചര്ച്ചയാകുന്നവ.
പൊതു ഇടങ്ങളിലെ ഇറച്ചിക്കച്ചവടവും മുട്ടക്കച്ചവടവും നിരോധിക്കാനുള്ള തീരുമാനമാണ് ഒന്ന്. രണ്ടാമത്തേതാകട്ടെ ആരാധനാലയങ്ങളില്‍ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഉച്ച ഭാഷിണികള്‍ നിരോധിക്കാനുള്ള തീരുമാനവും(CM Mohan Yadav Starts With Ban On Meat Sales In Open Loudspeakers In Religious Places).
ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പൊതു ഇടങ്ങളിലെ മാംസ വില്‍പ്പന നിരോധിച്ചത്. "നിലവിലുള്ള ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെയും ബന്ധപ്പെട്ട മാര്‍ഗ രേഖകളുടെയും അടിസ്ഥാനത്തിലാണ് തുറസ്സായ സ്ഥലങ്ങളിലെ മല്‍സ്യ - മാംസ വില്‍പ്പനയും മുട്ട വില്‍പ്പനയും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും." മുഖ്യമന്ത്രി പറഞ്ഞു.