അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമ്മവാരിപ്പാലം സ്വദേശി ചിനകൊണ്ടയ്യ (52), ഗുല്ലപാലം സ്വദേശി പുരുഷോത്തമന്‍(70), ഗുർറാംവാരിപാലം സ്വദേശി കാക്കുമണി രാജ (48), ആത്മകൂർ സ്വദേശി ദേവിനേനി രവീന്ദ്രബാബു (73), ഒരുഗുസേനുപാലം സ്വദേശി യകസിരി വിജയ (45), കണ്ടുകൂർ സ്വദേശി ഇടുമുറി രാജേശ്വരി (40), കൊണ്ടമുടുസു സ്വദേശി കലവക്കുരി യാനാടി (55), ഒഗുരു നിവാസിയായ ഗദ്ദ മധുബാബു (44) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തിരക്കിനിടയില്‍ പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു. ചന്ദ്രബാബുവിന്‍റെ റാലിയിലേക്ക് പാർട്ടി പ്രവർത്തകരും അനുഭാവികളും കൂട്ടത്തോടെ ഒഴുകിയെത്തുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയും ആളുകള്‍ നിലത്ത് വീഴുകയും തുടര്‍ന്ന് ജനങ്ങളുടെ ചവിട്ടേല്‍ക്കുകയും ചെയ്‌തു.