ചെന്നൈ : തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റിനെയും മഴക്കെടുതികളെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സ്റ്റാലിന്‍ ഈ ആവശ്യം മുന്നോട്ടുവച്ചത് (MK stalin on Cyclone Michaung).
കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് തമിഴ്‌നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ ഉണ്ടാക്കിയത്. ജനങ്ങളുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി അടിയന്തര സഹായം അനുവദിക്കണമെന്ന ആവശ്യവും സ്റ്റാലിന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. റോഡുകള്‍, പാലങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വൈദ്യുത സംവിധാനങ്ങള്‍ , ഗ്രാമങ്ങളിലെ കുടിവെള്ള സൗകര്യങ്ങള്‍,എന്നിവ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സംസ്ഥാനം വേഗത്തില്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. താത്കാലിക ആശ്വാസധനമായി 7,033 കോടി വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ശാശ്വത പരിഹാര-പുനധിവാസത്തിനായി 12,659 കോടി രൂപ വേണമെന്ന ആവശ്യവും സ്റ്റാലിന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി തുടങ്ങിയ ജില്ലകളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.