ചെന്നൈ : തമിഴ്‌നാട്ടിലേക്കുള്ള അമുലിന്‍റെ കടന്നുവരവിനെതിരെ കേന്ദ്ര സർക്കാരിന് കത്തെഴുതി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ക്ഷീര കർഷകരിൽ നിന്ന് പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ അമുലിന് നിർദേശം നല്‍കണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായ്ക്കാണ് സ്റ്റാലിൻ കത്തെഴുതിയത്.
തമിഴ്‌നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ആവിൻ പാൽ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്‍റെ കടന്നുകയറ്റം ക്ഷീരമേഖലയ്‌ക്ക് ഗുണകരമല്ലെന്നും സഹകരണ സ്ഥാപനങ്ങൾക്കിടയിൽ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും കത്തിൽ പറയുന്നു. പരസ്‌പരം മിൽക്ക് ഷെഡ് ഏരിയ ലംഘിക്കാതെ സഹകരണ സംഘങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതാണ് പതിവ്. ഇത്തരം ക്രോസ് സംഭരണം ‘ധവള വിപ്ലവം’ എന്ന ആശയത്തിന് വിരുദ്ധമാണ്.
ഇത് രാജ്യത്ത് നിലവിലുള്ള പാൽ ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. പതിറ്റാണ്ടുകളായി യഥാർഥ സഹകരണ മനോഭാവത്തോടെ വളർത്തിയെടുത്ത ആവിന്‍ രൂപപ്പെടുത്തിയെടുത്ത മേഖലയെ അമുലിന്‍റെ കടന്നുവരവ് ബാധിക്കും. ഇത് അംഗീകരിക്കാനാകില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
തർക്ക വിഷയം : ഗുജറാത്ത് ആസ്ഥാനമായുള്ള പാൽ-സഹകരണ സ്ഥാപനമായ അമുൽ തമിഴ്‌നാട്ടിലെ പല ജില്ലകളിലും ശീതീകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് പ്രധാന തർക്ക വിഷയം. കർണാടകയിലെ നന്ദിനി ബ്രാൻഡിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ശ്രമിച്ചതിന് അമുലിന് എതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലേക്കുള്ള അമുലിന്‍റെ കടന്നുവരവ്.
കൃഷ്‌ണഗിരി, ധർമപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സര്‍ക്കാര്‍ പിന്തുണയുള്ള പാൽ ഉത്പാദക യൂണിയന്‍റെ മിൽക്ക് ഷെഡുകളിൽ നിന്ന് സംഭരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച് സഹകരണ വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയായ അമിത് ഷായ്ക്ക് സ്റ്റാലിൻ കത്തെഴുതുകയായിരുന്നു.