ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ അസാധാരണവും നാടകീയവുമായ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ആർഎൻ രവി ഒഴിവാക്കിയെന്ന ഭരണപക്ഷത്തിന്‍റെ ആരോപണവും അതിനെ തുടർന്ന് ഗവർണർക്കെതിരെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പ്രമേയവുമാണ് തമിഴ്‌നാട് നിയമസഭയെ നാടകീയ രംഗങ്ങൾക്ക് വേദിയാക്കിയത്. മുഖ്യമന്ത്രിയുടെ പ്രമേയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഗവർണർ ആർഎൻ രവി നിയമസഭ വിട്ടത് അസാധാരണ സംഭവവുമായി.
ഗവർണർക്കെതിരെ രൂക്ഷ വിമർശനമുയർത്തി സ്റ്റാലിൻ സംഭവങ്ങൾ ഇങ്ങനെ: പെരിയാർ ഇവി രാമസ്വാമി, ബിആർ അംബേദ്‌കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി എന്നിവരുടെ ആശയങ്ങളും സിദ്ധാന്തങ്ങളും പിന്തുടരുന്ന തമിഴ്‌നാട് സർക്കാർ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്‌ചവെയ്‌ക്കുന്നത് എന്ന ഭാഗം ഗവർണർ വായിച്ചില്ലെന്നാണ് ഭരണപക്ഷമായ ഡിഎംകെ ആരോപിക്കുന്നത്. തമിഴ്‌നാട് സമാധാനത്തിന്‍റെ പൂന്തോട്ടമാണെന്നും സാമൂഹിക നീതി, സമത്വം, മതേതരത്വം, സാമൂഹിക സുരക്ഷ എന്നിവയില്‍ മികച്ചതാണെന്നുമുള്ള ഭാഗവും ഗവർണർ വിട്ടുകളഞ്ഞു. അതേസമയം, ഗവർണർ വിട്ടുകളഞ്ഞ ഭാഗങ്ങൾ സ്‌പീക്കർ പരിഭാഷയില്‍ വായിച്ചു.
സ്റ്റാലിന്‍റെ പ്രമേയം, ഗവർണറുടെ ഇറങ്ങിപ്പോക്ക്: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയെന്നും ഗവർണർ തന്‍റേതായ കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും ഡിഎംകെയും ഭരണപക്ഷത്തെ അനുകൂലിക്കുന്ന മറ്റ് പാർട്ടികളും ആരോപിച്ചു. തമിഴ്‌നാടിന്‍റെ ക്രമസമാധാന നിലയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഗവർണർ വായിച്ചില്ലെന്നും ആരോപണമുണ്ട്. അതിനിടെ, പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കി ഗവർണർ കൂട്ടിച്ചേർത്ത ഭാഗങ്ങൾ നിയമസഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രമേയം അവതരിപ്പിക്കുകയും അത് നിയമസഭ പാസാക്കുകയും ചെയ്തു.
പ്രമേയത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഗവർണർ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തു. സംസ്ഥാനത്തിന്‍റെ പേര് തമിഴ്‌നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന ഗവർണർ ആർഎൻ രവിയുടെ പ്രസ്‌താവനയ്ക്ക് എതിരെയും രൂക്ഷ വിമർശനമാണ് ഡിഎംകെയും സഖ്യകക്ഷികളും നടത്തിയത്. തമിഴ്‌നാട് വാഴ്‌ക, ഞങ്ങളുടെ നാട് തമിഴ്‌നാട് എന്നി മുദ്രാവാക്യങ്ങളുമായാണ് ഡിഎംകെ അംഗങ്ങൾ നിയമസഭയിലെത്തിയത്. ഗവർണർക്ക് നേരത്തെ തന്നെ നയപ്രഖ്യാപന പ്രസംഗം നല്‍കിയിരുന്നതായും അപ്പോഴൊന്നും വിയോജിപ്പ് രേഖപ്പെടുത്തിയില്ലെന്നും രാജ്‌ഭവനില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഒരു തരത്തിലുള്ള വിയോജിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി തങ്കം തെന്നെരസു പറഞ്ഞു. ഗവർണർ ദേശീയ ഗാനത്തെ അപമാനിച്ചുവെന്നും തുടർച്ചയായി സർക്കാരിനെയും തമിഴ്‌നാടിനെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി തങ്കം തെന്നെരസു ആരോപിച്ചു.
വിയോജിക്കാതെ എഐഎഡിഎംകെ: നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വിട്ടുകളഞ്ഞ സംഭവത്തിലും പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ വിയോജിപ്പും അതൃപ്‌തിയും പ്രകടിപ്പിച്ചില്ല. എഐഎഡിഎംകെ അംഗം വാനതി ശ്രീനിവാസൻ സംഭവത്തില്‍ ഗവർണറെ പിന്തുണയ്‌ക്കുകയും ചെയ്‌തു.