ചെന്നൈ: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന ക്യാമ്പസുകളിൽ സംശയാസ്‌പദമായി വാഹനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പോൾ രേഖപ്പെടുത്തിയ ഇവിഎമ്മുകൾ സുരക്ഷിതമായി സംക്ഷിക്കണമെന്ന കമ്മിഷന്‍റെ നിർദേശങ്ങൾ പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ സ്‌ട്രോങ് റൂമിന് സമീപം വാഹനങ്ങൾ; സ്റ്റാലിൻ ഇസിക്ക് പരാതി നൽകി
ഗവൺമെന്‍റ് കോളജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂർ, ശ്രീ റാം എഞ്ചിനീയറിങ് കോളജ് തിരുവല്ലൂർ, ലയോള കോളജ് ചെന്നൈ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
ഗവൺമെന്‍റ് കോളജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂർ, ശ്രീ റാം എഞ്ചിനീയറിങ് കോളജ് തിരുവല്ലൂർ, ലയോള കോളജ് ചെന്നൈ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തത്. വാഹനങ്ങൾ കോളജുകളിലേക്ക് പ്രവേശിക്കുന്ന സമയത്ത് വൈ-ഫൈ പ്രവർത്തനങ്ങൾ വർധിച്ചുവെന്ന് പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാപ്‌ടോപ്പുകളുമായി ചിലർ സ്‌ട്രോങ് റൂമിലേക്ക് പ്രവേശിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. ഇവിഎം ഇലക്‌ട്രോണിക് രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡിഎംകെ നേതാവ് വ്യക്തമാക്കി.
ഇവിഎം സ്‌ട്രോങ് റൂമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം തടയണം, സ്ട്രോങ് റൂമുകളുടെ സമീപങ്ങളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം തടയണം, വൈഫൈ സംവിധാനങ്ങൾ ഓഫ് ആക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്റ്റാലിൻ കമ്മിഷന് മുന്നിൽ വച്ചത്.