ശ്രീഹരിക്കോട്ട: ചെറു ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ദൗത്യം വിജയമായില്ല. ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ലെന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആർഒ) ട്വിറ്ററിലൂടെ അറിയിച്ചു. ഉപഗ്രഹങ്ങള്‍ ഇനി പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്‌ആർഒ വ്യക്തമാക്കി.
വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചെറു ഉപഗ്രഹങ്ങളെ എസ്എസ്എൽവി-ഡി1 എത്തിച്ചത്. ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഇന്നത്തെ സംഭവങ്ങള്‍ വിശകലനം ചെയ്‌ത് ശുപാർശകൾ സമര്‍പ്പിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട് പുതിയ എസ്എസ്എൽവി-ഡി2വുമായി ഉടന്‍ മടങ്ങിയെത്തുമെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
'എസ്എസ്എൽവി-ഡി1 ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം 356 കിലോമീറ്റർ x 76 കിലോമീറ്റർ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചത്. ഉപഗ്രഹങ്ങൾ ഇനി ഉപയോഗയോഗ്യമല്ല. പ്രശ്‌നം കണ്ടെത്തിയിട്ടുണ്ട്,' ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലില്‍ അറിയിച്ചു.