കൊൽക്കത്ത :പശ്ചിമ ബംഗാൾ എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതിയിൽ ആരോപണ വിധേയനായ പശ്ചിമ ബംഗാൾ വ്യവസായ വകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. ജൂലൈ 28 മുതൽ മന്ത്രിയുടെ ചുമതലകളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. കേസിൽ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ഓഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നത്.
പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് 49 കോടിയോളം രൂപ കണ്ടെത്തിയിരുന്നു. അർപിതയുടെ ബെൽഗോറിയയിലെ രത്തല പ്രദേശത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി സുപ്രധാന രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ കൊണ്ടുവന്നാണ് കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ആകെ 20 ഫോണുകളും കണ്ടെടുത്തിട്ടുണ്ടെന്നും അവയുടെ ഉദ്ദേശ്യവും ഉപയോഗവും എന്തായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഇഡി വ്യക്തമാക്കി.
അർപ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാർത്ഥ ചാറ്റർജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്‌ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
READ MORE:ഇഡി റെയ്‌ഡ് : അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്നായി കണ്ടെടുത്തത് 49 കോടിയോളം രൂപ