പ്രഭാസ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് 'സലാറി'ന്‍റെ റിലീസിനായി. ഡിസംബര്‍ 22ന് റിലീസിനൊരുങ്ങുന്ന ചിത്രം വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടിക്കറ്റ് വാങ്ങി മാധ്യമശ്രദ്ധ നേടുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ എസ്‌എസ് രാജമൗലി (SS Rajamouli).
'സലാര്‍ ഭാഗം 1 സീസ്‌ഫയറി'ന്‍റെ (Salaar Part 1 Ceasefire) ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നാണ് സംവിധായകന്‍ വാങ്ങിയിരിക്കുന്നത്. നിസാമിലെ 'സലാർ' മോണിങ് ഷോയുടെ ആദ്യ ടിക്കറ്റാണ് രാജമൗലി വാങ്ങിയത് (SS Rajamouli buys first ticket for Salaar). മൈത്രി മൂവി മേക്കേഴ്‌സ് ആണ് എസ്‌എസ് രാജമൗലി 'സലാറി'ന്‍റെ ഉദ്ഘാടന ടിക്കറ്റ് വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
രാവിലെ 7 മണിക്കുള്ള 'സലാറി'ന്‍റെ ആദ്യ ഷോയുടെ ടിക്കറ്റ് വാങ്ങുന്ന രാജമൗലിയുടെ ചിത്രവും മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. രാജമൗലിക്കൊപ്പം പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ, നവീൻ യേർനേനി എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
രാജമൗലിയെ 'ഇന്ത്യൻ സിനിമയുടെ അഭിമാനം' -എന്ന് വാഴ്‌ത്തിക്കൊണ്ടാണ് മൈത്രി മൂവി മേക്കേഴ്‌സ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ഇന്ത്യൻ സിനിമയുടെ അഭിമാനമായ എസ്‌എസ് രാജമൗലി, സലാര്‍ ടീമിനും നിര്‍മാതാവിനും ഒപ്പം ഇന്ത്യയുടെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായ സലാറിന്‍റെ ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നും വാങ്ങി. വന്‍ ആഘോഷങ്ങളോടെ ഗംഭീരമായ രീതിയിൽ സലാറിന്‍റെ ബുക്കിങ് ഉടന്‍ തന്നെ ആരംഭിക്കും.' -ഇപ്രകാരമാണ് മൈത്രി മൂവി മേക്കേഴ്‌സ് കുറിച്ചത്.
Also Read:സലാറിന് 'എ' തന്നെ... ഔദ്യോഗിക പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്