ശ്രീനഗർ: ശ്രീനഗറിലെ സീവാൻ ഏരിയയിൽ പൊലീസ് ബസിനു നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി ചൊവ്വാഴ്ച മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. കങ്കൺ നിവാസിയായ കോൺസ്റ്റബിൾ റമീസ് അഹമ്മദ് ആണ് ചൊവ്വാഴ്ച രാവിലെ ആർമിയുടെ 92 ബേസ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. അതേസമയം ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ ശാഖയായ കശ്മീർ ടൈഗേഴ്സാണെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) വിജയ് കുമാർ പറഞ്ഞു.
Zewan Terror Attack: ശ്രീനഗർ ഭീകരാക്രമണം: ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു; പിന്നിൽ ജെയ്‌ഷെ മുഹമ്മദ് - ജെയ്‌ഷെ മുഹമ്മദ് കശ്മീർ ടൈഗേഴ്സ്
തിങ്കളാഴ്ച ശ്രീനഗറിലെ സീവാൻ പൊലീസ് ക്യാമ്പിന് സമീപം പോലീസ് ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം മൂന്ന് ആയി
തിങ്കളാഴ്ച വൈകുന്നേരം 5:50ഓടെ ശ്രീനഗറിലെ പാന്ത ചൗക്കിലെ സീവാൻ പൊലീസ് ക്യാമ്പിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. പൊലീസുകാർ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസിന്‍റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്. ശ്രീനഗറിലെ ഡ്യൂട്ടി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തിൽ 14 പൊലീസ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇതുവരെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25 പൊലീസ് സേനാംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. അതേസമയം ഭീകരർക്ക് നേരെ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു തീവ്രവാദിക്ക് പരിക്കേറ്റു. സംഘത്തിലുൾപ്പെട്ട മറ്റ് ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും ഐജിപി അറിയിച്ചു.