ശ്രീനഗർ : ഞായറാഴ്‌ച പുലർച്ചെ ഹർവാൻ മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന തങ്ങളെ വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിശുദ്ധ ഖുർആനെ അവഹേളിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. ഏറ്റുമുട്ടലിനിടെ പ്രദേശത്തെ വീടുകളിൽ സുരക്ഷാസേന പലവട്ടം തിരച്ചിൽ നടത്തിയതായും വീടുകളിലെ സാധനങ്ങൾ നശിപ്പിക്കുകയും ആളുകളെ മർദിക്കുകയും ചെയ്‌തതായും നാട്ടുകാർ പറയുന്നു.
പലതവണ തന്‍റെ വീട്ടിൽ സുരക്ഷാസേന തിരച്ചിൽ നടത്തി, പിന്നീട് തങ്ങളെ ഒഴിപ്പിച്ച് മറ്റൊരു വീട്ടിലേക്ക് മാറ്റി. രണ്ട് മക്കളെ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെയാളെ ക്രൂരമായി മർദിച്ചു. അലമാര തകർത്ത് പണവും ആഭരണങ്ങളും ഉദ്യോഗസ്ഥർ കൊണ്ടുപോയതായും പ്രദേശവാസി അബ്‌ദുൾ റഹ്‌മാൻ ഭട്ട് പറയുന്നു.