ശ്രീനഗർ: ശ്രീനഗറിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന് ശേഷം സുരക്ഷ സേനയെ കല്ലേറിഞ്ഞ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാർച്ച് 16ന് ശ്രീനഗറിലെ നൗഗാമിലാണ് സൈന്യം മൂന്ന് ഭീകരരെ വധിച്ചത്. പിന്നാലെ അവിടെന്ന് സുരക്ഷ കാരണങ്ങള്‍ മുന്നില്‍ കണ്ട് ജനങ്ങളെ മാറ്റുന്നതിനിടെ ഒരുവലിയ ജനക്കൂട്ടം സുരക്ഷാജീവനക്കാര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്‌തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സാധാരണ നടപടിക്രമം അനുസരിച്ച് പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് ആ പ്രദേശങ്ങളില്‍ സൈന്‍ ബോഡുകള്‍ സ്ഥാപിക്കാറുണ്ട്. തുടര്‍ന്ന് ആ പ്രദേശം അണുവിമുക്‌തമാക്കാറുണ്ട്.