കൊളംബോ : മുൻ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. രാജിവച്ചതിന് പിന്നാലെ രജപക്സെ പാലായനം ചെയ്‌തുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച സാഹചര്യത്തിലാണ് ഹൈക്കമ്മീഷന്‍റെ പ്രസ്‌താവന.
ശ്രീലങ്കന്‍ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബങ്ങളും ഇന്ത്യയിലേക്ക് പലായനം ചെയ്‌തതായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും തെറ്റായ വിവരമാണിതെന്നും ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു. ദ്വീപ് രാഷ്ട്രത്തിന്റെ ജനാധിപത്യവും സാമ്പത്തിക സ്ഥിരതയും വീണ്ടെടുക്കാന്‍ ശ്രീലങ്കയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Also Read രാജി വച്ച ശേഷവും മഹിന്ദ രാജപക്‌സെ ഔദ്യോഗിക വസതിയില്‍ തുടരുന്നുവെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം
അതേസമയം, ശ്രീലങ്കയിലെ ഉന്നത സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ തേമിയ അബേയ് വിക്രമ സാമൂഹമാധ്യമ പ്രചരണങ്ങള്‍ നിഷേധിക്കുകയും ശ്രീലങ്കയിൽ നിന്ന് ഏതെങ്കിലും വ്യക്തികളെ അനധികൃതമായി കൊണ്ടുപോകുന്നതില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതിനുപിന്നാലെയുണ്ടായ അക്രമങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ 8 പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ വീടുകളും സ്വത്തുക്കളും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തു.