ബെംഗളൂരു :മതിയായ രേഖകളില്ലാതെ ബോട്ട് മാർഗം അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മൂന്ന് ശ്രീലങ്കൻ പൗരന്മാരെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തു (Bengaluru police arrest Sri Lankan criminals). പിടിയിലായ മൂന്ന് പേരും കൊടും കുറ്റവാളികളാണെന്നും ഇവർ നിരവധി കൊലക്കേസുകളിലെ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികൾക്ക് താമസ സൗകര്യം ഒരുക്കിയെന്നാരോപിച്ച് ബെംഗളൂരു സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ശ്രീലങ്കൻ സ്വദേശികളായ കസൻ കുമാർ സനക (36), അമില നുവാൻ (36), രംഗ പ്രസാദ് (36) എന്നിവരാണ് പിടിയിലായത്. ഇവർക്ക് താമസ സൗകര്യം ഒരുക്കിയ റൗഡി ലിസ്റ്റിൽ പെട്ട ജയ് പരമേഷും (42) പിടിയിലായിട്ടുണ്ട്. ജയ് പരമേഷിന്‍റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
ശ്രീലങ്കയിൽ നിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെ സേലത്ത് എത്തിയ പ്രതികൾ തുടർന്ന് ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. 20 ദിവസം മുൻപാണ് പ്രതികൾ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയതെന്നും ഇവർ യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെംഗളൂരു ക്രോസിന് സമീപത്തുള്ള അപ്പാർട്ട്‌മെന്‍റിൽ താമസിച്ച് വരികയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിടിയിലായ മൂന്ന് പേരും ഒന്നിലധികം കൊലപാതക കേസുകളിലെ പ്രതികളാണ്.