കൊളംബോ: സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. 40 പേരെ വെള്ളിയാഴ്ചയും 14 പേരെ ശനിയാഴ്ച രാവിലെയുമാണ് വിട്ടയച്ചത്. മാർച്ച് 24നാണ് ശ്രീലങ്കൻ നാവികസേന വടക്കും വടക്കുകിഴക്കൻ സമുദ്രത്തിലുമായി 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തത്.
ശ്രീലങ്കയില്‍ അറസ്റ്റിലായ 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു - ഇന്ത്യൻ ഹൈക്കമ്മിഷൻ
സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം മാനുഷികമായി പരിഗണിക്കേണ്ടതുണ്ടെന്നും വേഗത്തിൽ പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു. സമുദ്രാതിർത്തിയിൽ അതിക്രമിച്ച് കടക്കുന്നതിന് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് പതിവാണ്. ഇത് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ശ്രീലങ്കൻ സന്ദർശനത്തിനിടെ ഫിഷറീസ് മന്ത്രി ഡഗ്ലസ് ദേവനന്ദയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം ഉന്നയിക്കുകയും മത്സ്യബന്ധനത്തിലെ ഉഭയകക്ഷി സഹകരണം ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യൻ ട്രോളർ ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അതിർത്തി കടക്കുന്നത് തടയുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ ശ്രീലങ്കൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.