റായ്‌പൂർ: ബിജെപിയുടെ 'ശ്രീരാമൻ' അജണ്ഡക്കെതിരെ വിമർശനവുമായി ചത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ശ്രീരാമൻ എല്ലാവരുടേതാണെന്നും രാമനുമേൽ ബിജെപിക്ക് പ്രത്യേക കോപ്പിറൈറ്റ് അവകാശമില്ലെന്നും ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. സംസ്ഥാന സർക്കാർ രാമായണ പാരായണ മത്സരം നടത്തുന്നത് സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'രാമായണ പരായണം സംസ്‌കാരത്തിന്‍റെ ഭാഗം'
ബിജെപി രാമജന്മഭൂമി പ്രശ്‌നം ഉന്നയിക്കുന്നത് 80കളിലാണ്. ഇതിലൂടെ ബിജെപി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനായാണ് ശ്രമിക്കുന്നത്. എന്നാൽ സ്വാതന്ത്യലബ്‌ധിക്ക് മുമ്പേ 'രഘുപതി രാഘവ രാജാ റാം' ഗാന്ധിജി ചൊല്ലിയിരുന്നു.
നൂറു വർഷങ്ങൾക്ക് മുമ്പ് തന്നെ ഗ്രാമങ്ങളിൽ രാമായണം ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഇത് ഞങ്ങളുടെ സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും അതിൽ ബിജെപിയുടെ പ്രശ്‌നമെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ശ്രീരാമന് മേൽ എല്ലാവർക്കും ഒരേ അവകാശമാണെന്നും ബിജെപിക്ക് ആരും ശ്രീരാമന്‍റെ കോപ്പിറൈറ്റ് അവകാശം നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.