ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതിയായ അഫ്‌താബ് പൂനാവാല ജയിലില്‍ നിരന്തരം ചെസ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. മോഷണ കേസില്‍ പ്രതിയായ സഹതടവുകാരോടു പോലും യാതൊന്നും സംസാരിക്കുന്നില്ലെന്നും ചിലപ്പോള്‍ ഏകാന്തതയില്‍ മുഴുകിയിരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. അഫ്‌താബിന്‍റെ ജയിലിലെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാള്‍ വളരെ കൗശലക്കാരനാണെന്നും കേസില്‍ പുതിയ വഴിത്തിരിവ് പ്രതീക്ഷിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെല്ലില്‍ ലഭ്യമായിട്ടുള്ള ചെസ്സ് ബോര്‍ഡില്‍ സഹതടവുകാര്‍ ചെസ് കളിക്കുമ്പോള്‍ അഫ്‌താബ് അവരെ സൂക്ഷ്‌മമായി നിരീക്ഷിക്കും. ഒരു അവസരം ലഭിക്കുമ്പോള്‍ അഫ്‌താബ് തനിയെ ഇരു വശങ്ങളിലുമായി വെള്ള കരുവും കറുത്ത നിറമുള്ള കരുവും നീക്കും. ഒരു ഏക കളിക്കാരനായി ചെസിലെ ഇരു വശങ്ങളും കളിക്കുവാന്‍ അയാള്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നാണ് വിവരം.
അഫ്‌താബ് ചെസ്സില്‍ മികച്ച പ്രകടനമാണെന്ന് കാഴ്‌ചവയ്‌ക്കുന്നതെന്ന് സഹതടവുകാര്‍ പറഞ്ഞു. ഒപ്പമുള്ളവരോട് അഫ്‌താബിനെ നിരന്തരം നിരീക്ഷിക്കുവാന്‍ നിര്‍ദേശം നല്‍കി. അവരോട് അഫ്‌താബ് ഒന്നും സംസാരിക്കുന്നില്ല. മണിക്കൂറുകളാണ് അഫ്‌താബ് ചെസ് കളിയില്‍ ഏര്‍പ്പെടുന്നത്. അയാള്‍ക്കെതിരെ അയാള്‍ തന്നെ കരുക്കള്‍ നീക്കുകയാണെന്നാണ് സഹതടവുകാര്‍ നല്‍കിയ വിവരം.
അന്വേഷണത്തിന് മനശാസ്‌ത്രജ്ഞന്‍റെ സഹായം ആവശ്യമായി വന്നു: 'അന്വേഷണം നടക്കുന്ന സമയത്ത് ഞങ്ങളല്ല അഫ്‌താബാണ് കേസന്വേഷിക്കുന്നതെന്ന് തോന്നിപ്പോകും. അഫ്‌താബിന്‍റെ നിര്‍ദേശമനുസരിച്ച് ഡല്‍ഹി പൊലീസ് ഡിപ്പാര്‍ട്‌മെന്‍റ് പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നു. അയാള്‍ തന്നെ നെയ്‌തെടുത്ത കഥയില്‍ പൊലീസ് കുടുങ്ങിയെന്നത് വ്യക്തമായിരുന്നുവെന്ന്' തെളിവെടുപ്പിന്‍റെ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.