ന്യൂഡൽഹി:സ്‌പുട്‌നിക്-വി നിർമാതാക്കൾ ഡൽഹിയിലേക്ക് വാക്‌സിൻ നൽകാൻ സമ്മതിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. അതേസമയം വാക്‌സിൻ വിതരണത്തിന്‍റെ കൃത്യമായ അളവ് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും നിർമാതാക്കളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ വാക്‌സിനുകൾ വാങ്ങണമെന്ന് കേന്ദ്രത്തോട് കെജ്‌രിവാൾ
ആകാശ് ഹെൽത്ത് കെയർ സെന്‍ററിന്‍റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ദ്വാരകയിലെ വെഗാസ് മാളിലെ വാക്‌സിനേഷൻ സെന്‍റർ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്‌തു. കൂടാതെ സർക്കാരിന്‍റെ തന്നെ മറ്റൊരു വാക്‌സിനേഷൻ കേന്ദ്രം ഛത്രസാലിൽ വെള്ളിയാഴ്‌ച ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിൻ ഡോസുകളുടെ കുറവ് മൂലം തലസ്ഥാനത്തെ നിരവധി വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും വാക്‌സിനുകൾ വാങ്ങണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു. മോഡേണ, ഫൈസർ കമ്പനികൾ നിർമ്മിച്ച വാക്‌സിനുകൾ കുട്ടികൾക്ക് അനുയോജ്യമാണെന്ന് സ്ഥിരീകരിച്ചതിനാൽ അവർക്കായി കേന്ദ്ര സർക്കാർ ഈ വാക്‌സിനുകൾ വാങ്ങണമെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.