സൂറത്ത്:പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് സൂറത്ത് നഗരത്തിലെ ജനങ്ങൾക്ക് ഇന്ന് ചെലവേറിയ കാര്യങ്ങളിൽ ഒന്നാണ്. പിടിക്കപ്പെട്ടാൽ പിഴയിനത്തിൽ നൽകേണ്ടി വരുക ആയിരങ്ങളാണ്. വൃത്തിയിൽ കാര്യമായ ശ്രദ്ധയില്ലാത്തവരെ നിരീക്ഷിക്കുന്ന സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ നഗരത്തിലെ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളിൽ പതിഞ്ഞ പൊതുസ്ഥലങ്ങളിൽ തുപ്പുന്ന ആളുകളെ കണ്ടെത്തി പിഴയടക്കാൻ ഓൺലൈൻ ചെല്ലാനുകൾ അയച്ചിരിക്കുകയാണ്. ആകെ രണ്ട് ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട് എന്നാണ് കോർപ്പറേഷൻ ജീവനക്കാർ പറയുന്നത്.
പൗരബോധമുള്ള ആളുകൾ ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ല എന്നും, അല്ലാത്ത ആളുകളെ നേർവഴിക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും, ശുചിതമുള്ള നഗരമാണ് വേണ്ടതെന്നുമാണ് കോർപ്പറേഷന്‍റെ വിശദീകരണം. ഉദ്യോഗസ്ഥർ സിസിടിവി കാമറ ദൃശ്യങ്ങൾ പതിവായി സ്‌കാൻ ചെയ്യുന്നുണ്ട്. വീഴ്‌ച വരുത്തുന്നവരെ നിരീക്ഷിക്കുന്നതിനായി കോർപ്പറേഷൻ സൂറത്ത് പൊലിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിന്‍റെ സഹായവും സ്വീകരിക്കുന്നുണ്ട് എന്നും കോർപ്പറേഷൻ അറിയിച്ചു.
സിസിടിവി കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പൊതുസ്ഥലത്ത് തുപ്പുന്നത് പൂർണമായി നിരോധിക്കാനും, ഇതിനെതിരെ അവബോധം സൃഷ്‌ടിക്കുന്നതിനായി പ്രചാരണം കൂടുതൽ ശക്തമാക്കുന്നതിന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി (ആർടിഒ) സഹകരിക്കാനും മുനിസിപ്പൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. പുതിയ ക്രമീകരണം ഏപ്രിൽ മുതൽ ആരംഭിക്കും. 'നഗരത്തിന്‍റെ പരിപാലനത്തിനായി സൂറത്തിലെ ജനങ്ങൾ എപ്പോഴും മുന്നോട്ട് വന്നിരുന്നു. ഇത്തവണയും സൂറത്ത് നിവാസികൾ നഗരം വൃത്തിയാക്കാൻ ഞങ്ങളുമായി സഹകരിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്‌തതിന് 18000ത്തിലധികം പേർക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിൽ ഈ സംഖ്യ ഉയർന്നേക്കാം,' ഹേമലി ബോഘവാല പറഞ്ഞു.
ശുചീകരണം ലക്ഷ്യം; യു പി പഴയ വാഹനങ്ങൾ ഒഴിവാക്കും: മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി ഉത്തർപ്രദേശ് കാബിനറ്റ് സംസ്ഥാനത്തെ പഴയ വാഹനങ്ങൾ ഒഴിവാക്കുന്ന നയത്തിന് അംഗീകാരം നൽകിയതായി സംസ്ഥാന ഗതാഗത മന്ത്രി ദയാശങ്കർ സിംഗ് വെള്ളിയാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ നികുതിയിലും പിഴയിലും 50 ശതമാനവും 20 വർഷം പഴക്കമുള്ള വാഹനങ്ങൾക്ക് 75 ശതമാനവും ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 300 കോടി രൂപ കേന്ദ്രം സഹായമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 15 വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും ഒഴിവാക്കണമെന്ന കരട് വിജ്ഞാപനം കേന്ദ്രസർക്കാരിന്‍റെ റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു. കോർപ്പറേഷനുകളുടെയും ഗതാഗത വകുപ്പിന്‍റെയും ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും പുതിയ നിയമം നിർബന്ധമാക്കും.
പുണ്യനദിയെ മാലിന്യമുക്തമാക്കാനുള്ള ദൗത്യവുമായി എൻഎംസിജി:ഗംഗ, യമുന, അദൃശ്യ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പുണ്യനഗരമാണ് പ്രയാഗ്‌രാജ്. നൂറ്റാണ്ടുകളായി, ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്താൻ ദശലക്ഷക്കണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിൽ എത്തുന്നത്. കാലക്രമേണ നഗരത്തിന്‍റെ തുടർച്ചയായ വിപുലീകരണവും വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ ഉയർച്ചയും വൻതോതിൽ പ്രയാഗ്‌രാജ് നദിയെ മലിനജലമാക്കിയിരുന്നു. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻഎംസിജി) മുഖേന പ്രയാഗ്‌രാജിലെ മലിന ജലം കുറക്കാനുള്ള പദ്ധതികൾ ആരംഭിക്കുകയാണെന്ന് ഡയറക്‌ടർ ജനറൽ ജി അശോക് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.