കൊല്‍ക്കത്ത: മധുര പലഹാരമായ രസഗുള ഇഷ്‌ടപ്പെടാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ചില്ലി രസഗുളയെപ്പറ്റി അധികമാരും കേള്‍ക്കാനിടയില്ല. തീര്‍ത്തും വ്യത്യസ്‌തമായ രുചിമേളങ്ങള്‍ സമ്മേളിച്ച ഒരു വിഭവം അതാണ് ചില്ലി രസഗുള. മധുര പലഹാരങ്ങളുടെ രാജാവായാണ് രസഗുളയെ കണക്കാക്കുന്നത്. അതേ സമയം ആന്‍റി ഓക്‌സിഡന്‍റുകളുടെ കലവറയാണ് പച്ച മുളക്. എരിവും മധുരവും കലര്‍ന്ന പുതിയ രുചിഭേദം സൃഷ്‌ടിക്കുകയാണ് പശ്ചിമ ബംഗാളിലെ ബര്‍ധമാനിലെ ഒരു മധുര പലഹാര കട. നേതാജി മിഷ്‌ടണ ഭണ്ഡാര്‍ എന്ന കടയിലാണ് ഇത്തരമൊരു പരീക്ഷണം. ചില്ലി പടാക്ക രസഗുളയെന്ന് പേരും കടക്കാര്‍ നല്‍കി.
മധുരത്തിനൊപ്പം എരിവും... ഇത് ചില്ലി രസഗുള
എരിവും മധുരവും കലര്‍ന്ന ചില്ലി രസഗുളയുമായി എത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ ബര്‍ധമാനിലെ ഒരു മധുര പലഹാര കട. രസഗുളയെപ്പോലെ തന്നെ ചില്ലി രസഗുളയെയും ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
പച്ചമുളകിനു പുറമെ ക്യാപ്‌സിക്കവും, അച്ചാര്‍ ഉണ്ടാക്കാനുപയോഗിച്ചു വരുന്ന മുളകുകളും ഒപ്പം രസഗുളയുണ്ടാക്കാനുള്ള മറ്റു ചേരുവകളും ചേര്‍ത്താണ് പാചകം. ചില്ലി രസഗുളയെ ആളുകള്‍ ഏറ്റെടുത്തതോടെ ബര്‍ദമനിലെ ഈ കടയെ തേടിയെത്തുന്നവരുടെ തിരക്കേറുകയാണ്. എരിവേറിയ പച്ചമുളകു കൂടി ചേര്‍ത്താണ് ഉണ്ടാക്കുന്നതെങ്കിലും അടിസ്ഥാന സ്വാദ് മധുരം തന്നെയാണെന്ന് കടക്കാര്‍ പറയുന്നു.
മധുരത്തിനൊപ്പം എരിവും ചേര്‍ന്ന സ്വാദ് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്‌തു. ചില്ലി പടാക്ക രസഗുളയുടെ ആരാധകരില്‍ കൂടുതലും സ്‌ത്രീകളാണെന്ന് കടയുടമ സൗമന്‍ ദാസ് പറയുന്നു. മധുര പലഹാരങ്ങളായ സീതാഭോഗിന്‍റെയും മിഹിദാനയുടെയും നാട്ടില്‍ ഇങ്ങനെപ്പോയാല്‍ ചില്ലി രസഗുളയും വൈകാതെ അരങ്ങു വാഴും.