ന്യൂഡൽഹി: എഞ്ചിന് തീ പിടിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച സ്‌പൈസ്‌ജെറ്റ് വിമാനം പട്‌ന വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. സ്പൈസ് ജെറ്റ് ബോയിങ് 737 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്‌ച (19.06.22) ഉച്ചയ്‌ക്ക് 12.10ഓടെയായിരുന്നു സംഭവം.
അടിയന്തര ലാൻഡിങ് നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായതായി എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിമാനം പറന്നുയരുന്നതിനിടെ എഞ്ചിനിൽ പക്ഷി ഇടിച്ചതാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്ന് വിമാന ജീവനക്കാർ അറിയിച്ചു.
പക്ഷി ഇടിച്ചതിന് ശേഷവും അസ്വഭാവികതയൊന്നും ഉണ്ടാകാത്തതിനാൽ വിമാനം കൂടുതൽ ഉയരങ്ങളിലേക്ക് പറത്തുകയായിരുന്നു. മിനുട്ടുകളോളം അന്തരീക്ഷത്തിൽ പറന്നുനിന്ന വിമാനത്തിൽ പിന്നീടാണ് എഞ്ചിനിൽ നിന്ന് പുക ഉയർന്നത്. വിമാനത്തിന്‍റെ എഞ്ചിൻ കത്തുന്നത് സമീപത്തെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പട്‌ന ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മിനുട്ടുകൾക്ക് ശേഷം വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ടേക്ക് ഓഫ് ചെയ്‌ത് അൽപസമയം കഴിഞ്ഞപ്പോൾ വിമാനത്തിനുള്ളിൽ കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാരിൽ ചിലർ പറയുന്നു. ഉടൻ തന്നെ അധികൃതർ അലാറം മുഴക്കി.
വിമാനം അടിയന്തര ലാൻഡിങ് നടത്തുകയാണെന്നും യാത്രക്കാർ ശാന്തത പാലിക്കണമെന്നും ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടു. ലാൻഡിങിന് ശേഷം ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും യാത്രക്കാർ വ്യക്തമാക്കി. യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്കുള്ള യാത്ര ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു.