ലക്‌നൗ: ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ കണ്ണടയ്ക്കുകയായിരുന്നെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ്, എസ്‌പി, ബിഎസ്‌പി പാര്‍ട്ടികള്‍ക്കെതിരെ ഒവൈസി ആരോപണം ഉന്നയിച്ചത്.
'എന്‍റെ മസ്‌ജിദ് (ബാബറി) തകര്‍ത്തു. അത് തകർത്തവര്‍, ഇന്ത്യയുടെ അടിത്തറയും നിയമവാഴ്‌ചയുമാണ് തകർത്തത്. എസ്‌പി, ബിഎസ്‌പി, കോണ്‍ഗ്രസ്... ഇവരാരെങ്കിലും ആ സമയത്ത് എന്തെങ്കിലും പറഞ്ഞോ? അവരുടെ മസ്‌ജിദല്ലല്ലോ എന്‍റെ മസ്‌ജിദല്ലേ തകര്‍ത്തത്. അതുകൊണ്ട് അവര്‍ അത് കണ്ടില്ലെന്ന് നടിച്ചു,' ഒവൈസി പറഞ്ഞു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. എഐഎംഐഎം സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിലും നയരൂപീകരണത്തിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും ഒവൈസി റാലിയില്‍ സംസാരിച്ചു.