ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ മൺസൂൺ കനക്കുന്ന പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിലായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു.
നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഒഡിഷയുടെ ചില ഭാഗങ്ങളിലും പശ്ചിമ ബംഗാളിന്‍റെ ഭൂരിഭാഗം ഭാഗങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻ ബംഗാളിലെയും വടക്കൻ ഒഡിഷയിലെയും തീരപ്രദേശങ്ങളിൽ ന്യൂനമർദം നിലനിൽക്കുന്നുവെന്നും ഐഎംഡി വ്യക്തമാക്കി.