ഡൽഹി:മോഷ്‌ടാക്കള്‍കൈയില്‍ നിന്ന് ഐഫോണ്‍ തട്ടിപ്പറിക്കുന്നതിനിടെ സൗത്ത് ഡൽഹിയിലെ പ്രശസ്‌തമായ സ്‌കൂളിലെ അധ്യാപിക ഓട്ടോയിൽ നിന്ന് തെറിച്ചുവീണു. ബൈക്കിലെത്തിയ മൂന്ന് പേര്‍ അധ്യാപികയുടെ കൈയിൽ നിന്ന് ഐഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഓഗസ്‌റ്റ് 11ന് ഉച്ചയ്ക്ക് 3.23ന് സാകേത് പൊലീസ് സ്‌റ്റേഷനിലേക്ക് പിസിആറില്‍ (പൊലീസ് കണ്‍ട്രോൾ റൂം) നിന്ന് കോൾ ലഭിച്ചിരുന്നു. ഇരയായ സ്‌ത്രീയുടെ കൈയിൽ നിന്ന് ഐഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്ഞാതരായ മൂന്ന് ആക്രമികൾ അപകടമുണ്ടാക്കുകയായിരുന്നു.
ജവഹർ പാർക്ക് പ്രദേശത്ത് താമസിക്കുന്ന അധ്യാപികയായ യോവിക ചൗധരിയ്‌ക്കാണ് (24) പരിക്ക്. ജോലി ചെയ്യുന്ന ഗ്യാന്‍ ഭാരതി സ്‌കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സാകേതിലെ ഖോക്ക മാർക്കറ്റിന് സമീപം എത്തിയപ്പോൾ മൂന്ന് അജ്ഞാതരായ ആക്രമികൾ അവളുടെ അടുത്തേക്ക് വരികയും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്ന് അധ്യാപിക വീഴുകയും പരിക്കേൽക്കുകയും ആയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരയെ സാകേതിലെ മാക്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഐപിസി 356/379/34 വകുപ്പ് പ്രകാരമാണ് കേസ് ആദ്യം രജിസ്‌റ്റർ ചെയ്‌തത്. പിന്നീട് ഈ കേസ് 392/34 ഐപിസിയിലേക്ക് മാറ്റി. കുറ്റവാളികളെ തിരിച്ചറിയാനും അവരെ പിടികൂടാനും പ്രദേശത്തെ സിസിടിവി ക്യാമറകൾ സ്‌കാന്‍ ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.