ന്യൂഡല്‍ഹി: രാജ്യത്ത് ഭയത്തിന്‍റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്നും ഭയത്തോടെ ജീവിക്കാൻ ഒരു വിഭാഗം നിർബന്ധിതമാകുന്നു എന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യവെയാണ് ബി ജെ പിക്കും മോദി സർക്കാരിനുമെതിരെ സോണിയ രൂക്ഷ വിമർശനമുന്നയിച്ചത്.
മഹാത്മ ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരമാവധി ഭരണ നിര്‍വഹണം (മിനിമം ഗവണ്‍മെന്‍റ് മാക്സിമം ഗവേണന്‍സ്) എന്ന മുദ്രാവാക്യം കൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ കൂട്ടാളികളും യഥാർഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.
മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ജീവിക്കാനനുവദിക്കുന്ന നയമാണ് മോദിയുടെത്. ജനങ്ങളെ ഭിന്നിപ്പിക്കാനായി സമൂഹത്തിലെ ബഹുസ്വരതകളെ ഉപയോഗിക്കുകയും ഏകത്വത്തിന്‍റയും നാനാത്വത്തിന്‍റെയും ആശയങ്ങളെയും അട്ടിമറിക്കുകയും ചെയ്യുകയാണ് ഇതിനര്‍ഥമെന്നും സോണിയ ആരോപിച്ചു. ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിസാര കാരണങ്ങളാല്‍ അവരെ ജയിലിടക്കാനുമാണ് മോദിയും സംഘവും ശ്രമിക്കുന്നതെന്നും സോണിയ പറഞ്ഞു.