ചണ്ഡിഗഡ് :മാരത്തോണ്‍ ചര്‍ച്ചകള്‍, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍, അഭ്യൂഹങ്ങള്‍, ഒടുവില്‍ ചരൺജിത് സിംഗ് ചന്നിക്ക് പഞ്ചാബിന്‍റെ അധികാര കിരീടം നല്‍കി രാഹുല്‍ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ചതോടെ പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രതിസന്ധിക്ക് താത്കാലിക വിരാമമായി. പാര്‍ട്ടിയില്‍ നാളുകളായി നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ പഞ്ചാബ് രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരുന്നു. ഒടുവില്‍ താന്‍ സ്ഥാനം രാജിവയ്ക്കുന്നതായി അമിരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചു.
പറഞ്ഞ് ചെയ്യിച്ചതെങ്കിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതായി തീരുമാനം. രാജിയോടെ അവസാനിച്ച കോലാഹലങ്ങള്‍ അടങ്ങും മുന്‍പ് ഇനിയാര് എന്ന ചര്‍ച്ച സംസ്ഥാനത്ത് സജീവമായി. വിഷയം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനായിരുന്നു സംസ്ഥാന ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം.
കൂടുതല്‍ വായനക്ക്: പഞ്ചാബിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും
ഇതോടെ മന്ത്രിസഭയിലെ 78 എംഎല്‍എമാരുമായി പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ടെങ്കിലും അന്തിമ തീരുമാനമെടുക്കാന്‍ യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കഴിഞ്ഞില്ല. ചണ്ഡിഗഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന യോഗത്തിന്‍റെ തീരുമാനമറിയാന്‍ മാധ്യമങ്ങളും കാത്തിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സുനില്‍ ഝാക്കറിന്‍റെ പഞ്ച്കുലയിലെ വീട്ടിലേക്ക് ഒരു കൂട്ടം എംഎല്‍എമാര്‍ എത്തി. പുഷ്പങ്ങളും ബൊക്കെകളുമായി എത്തിയ എംഎല്‍എമാര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. പിന്നാലെ സുനില്‍ ഝാക്കറാകും മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ മിനിട്ടുകള്‍ മാത്രമായിരുന്നു ആ വാര്‍ത്തയുടെ ആയുസ്സ്.
ക്യാമറ കണ്ണുകള്‍ അപ്പോഴേക്കും ചണ്ഡിഗഡ് 39ാം സെക്ടറിലെ സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെയുടെ വീട്ടിലേക്ക് മാറിയിരുന്നു. പിന്നാലെ നിരവധി എംഎല്‍എമാര്‍ രണ്‍ദാവെയുടെ വീട്ടിലേക്ക് എത്തി. അപ്പോഴും സംസ്ഥാന നേതൃത്വം തങ്ങളുടെ അന്തിമ തീരുമാനം പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടുകൊണ്ടേയിരുന്നു. വാര്‍ത്തകള്‍ വിശ്വസിച്ച, സുഖ്‌ജിന്തര്‍ സിംഗ് രണ്‍ദാവെ ഉള്‍പ്പെട്ട വാഹനവ്യൂഹം പഞ്ചാബ് രാജ് ഭവനിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്‍ദാവെ മുഖ്യമന്ത്രി കസേരയില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതിയ അനുയായികളുടെയും നേതാക്കളുടെയും പ്രതീക്ഷ വീണ്ടും തെറ്റി.