ന്യൂഡല്‍ഹി :രാജികളോ നേതൃമാറ്റമോ ഇല്ല, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തകസമിതി ഗാന്ധി കുടുംബത്തിലും, സോണിയയിലും പൂര്‍ണ വിശ്വാസം രേഖപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയേയും അണികളേയും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ഒരുക്കും. നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കാന്‍ ഒരു മാസത്തിനകം ചിന്തന്‍ ശിബിര്‍ ചേരും. അതിന് മുമ്പ് നേതൃയോഗം വീണ്ടും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്തന്‍ ശിബിര്‍ രാജസ്ഥാനില്‍ സംഘടിപ്പിക്കണമെന്ന് ഗെഹലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞുപോയ ഫലങ്ങളേക്കാള്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നത് വരാനിരിക്കുന്ന ഫലങ്ങളാണെന്ന് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി. കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എങ്ങനെ തയ്യാറെടുക്കാമെന്നും ചർച്ച ചെയ്‌തെന്നും അദ്ദേഹം വിശദീകരിച്ചു.