ന്യൂഡല്‍ഹി:ഹരിയാനയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ വസതി സന്ദര്‍ശിക്കാനെത്തിയ ഒരുക്കൂട്ടം കര്‍ഷക സ്‌ത്രീകള്‍ 'രാഹുല്‍ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂ'വെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ഷക സ്‌ത്രീകളുടെ ആവശ്യം കേട്ട് പുഞ്ചിരിച്ച് സോണിയ പറഞ്ഞതാകട്ടെ 'നിങ്ങള്‍ തന്നെ ഒരു വധുവിനെ കണ്ടെത്തൂവെന്ന്'. ഇതെല്ലാം കേട്ടിരുന്ന രാഹുല്‍ ഗാന്ധി ചിരിച്ച് കൊണ്ട് പറഞ്ഞു 'അത് സംഭവിക്കുമെന്ന്'.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയില്‍ ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്‌ത്രീകള്‍ക്കൊരുക്കിയ വിരുന്നിലാണ് രസകരമായ ഔ സംഭാഷണം ഉണ്ടായത്. തന്‍റെ വീട്ടിലെത്തിയ വിരുന്നുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രസകരമായ സംഭാഷണത്തെ കുറിച്ചുളള വാര്‍ത്തകളും പുറത്ത് വരുന്നത്.
ജൂലൈ എട്ടിന് രാഹുല്‍ ഗാന്ധി സോനിപത്തിലെ മദീന ഗ്രാമത്തിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കവേ കണ്ടുമുട്ടിയ കര്‍ഷക സ്‌ത്രീകള്‍ക്കാണ് സോണിയ ഗാന്ധിയുടെ വസതിയില്‍ വിരുന്നൊരുക്കിയത്. കര്‍ഷകരുമായി സംസാരിച്ച രാഹുല്‍ വയലില്‍ നെല്‍ വിത്ത് വിതക്കുകയും ട്രാക്‌ടര്‍ ഓടിച്ച് നിലം ഉഴുതുകയുമെല്ലാം ചെയ്‌തിരുന്നു. മാത്രമല്ല വയലില്‍ ജോലിക്കെത്തിയ സ്‌ത്രീകള്‍ ഉച്ചയ്‌ക്ക് കഴിക്കാനായി കൈയില്‍ കരുതിയിരുന്ന ഭക്ഷണവും രാഹുല്‍ ഗാന്ധി അവര്‍ക്കൊപ്പം കഴിച്ചിരുന്നു.
കൃഷി കാര്യങ്ങളെ കുറിച്ചെല്ലാം കര്‍ഷകരുമായി സംസാരിക്കുന്നതിനിടെ കര്‍ഷക സ്‌ത്രീകള്‍ രാഹുല്‍ ഗാന്ധിയോട് ഡല്‍ഹിയുടെ ഇത്രയും അടുത്ത് ജീവിച്ചിട്ടും തങ്ങളാരും ഇതുവരെ ഡല്‍ഹി സന്ദര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞു. ഇത് കേട്ടതോടെ തലസ്ഥാനത്തെ തന്‍റെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി കര്‍ഷക സ്‌ത്രീകളെ ക്ഷണിക്കാമെന്ന് ഉറപ്പ് നല്‍കി. വീട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിനൊപ്പം ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത വിരുന്നാണ് കര്‍ഷക സ്‌ത്രീകള്‍ക്കിത്. ദേശി നെയ്യ്, മധുരമുള്ള ലസ്സി, വീട്ടിലുണ്ടാക്കിയ അച്ചാറുകൾ ഉള്‍പ്പെടെയുള്ള സദ്യയും ഒരുപാട് സ്‌നേഹവും ഇതെല്ലാമാണ് സോണിയ ഗാന്ധിയുടെ വീട്ടില്‍ നിന്നും സ്‌ത്രീകള്‍ക്ക് ലഭിച്ചത്.
കര്‍ഷകര്‍ വീട്ടില്‍ വിരുന്നെത്തിയതിന്‍റെ നിരവധി വീഡിയോകള്‍ ട്വിറ്ററിലൂടെ പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലെ വിരുന്നിന് പിന്നാലെ 'സോനിപത്തിലെ കർഷക സഹോദരിമാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കർഷക സഹോദരിമാർ ഡൽഹിയിൽ എത്തി, വാഗ്‌ദാനം നിറവേറ്റി,' എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയുടെ കുടുംബം വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുന്നതും എല്ലാവരും ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിക്കുന്നതിന്‍റെയും മധുരം വിതരണം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളെല്ലാം പുറത്ത് വന്നിരുന്നു.