ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിക്ക് മുന്നിൽ ഹാജരായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന്(21.07.2022) ഉച്ചയ്‌ക്ക് 12.15 ഓടെ ഇ.ഡി ഓഫിസിൽ ഹാജരായ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. സോണിയയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ നേരത്തെ അവസാനിപ്പിച്ചത്. ഇനിയും ആവശ്യമെങ്കിൽ സോണിയയെ സമൻസ് നൽകി വിളിച്ച് വരുത്തും.
അതേസമയം സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ വ്യാപകമായ പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇ.ഡി ആസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഡൽഹി ഇ.ഡി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള എഐസിസി ആസ്ഥാനത്ത് സോണിയയ്‌ക്ക് പിന്തുണയുമായി പ്രവര്‍ത്തകർ ഒത്തുകൂടിയിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റ് മന്ദിരത്തിലും കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
നേരത്തെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ.ഡി അറിയിച്ചെങ്കിലും നിരസിച്ച സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍ എത്താമെന്ന് അറിയിക്കുകയായിരുന്നു. ജൂൺ എട്ടിനും, ജൂൺ 21നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സോണിയ ഇ.ഡിക്ക് മുന്‍പില്‍ എത്തിയില്ല.
കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ പലതവണ ചോദ്യം ചെയ്‌തിരുന്നു. അഞ്ച് ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂറാണ് കോണ്‍ഗ്രസ് നേതാവിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തത്. അന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.