ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. ഇന്ന്(21.07.2022) ഉച്ചയ്‌ക്ക് 12.15 ഓടെയാണ് സോണിയ ഗാന്ധി ഇഡി ഓഫിസില്‍ എത്തിയത്. പ്രിയങ്ക ഗാന്ധിയും അഭിഭാഷക സംഘവും സോണിയ ഗാന്ധിയെ അനുഗമിച്ചു.
പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇഡി ആസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള എഐസിസി ആസ്ഥാനത്ത് സോണിയയ്‌ക്ക് പിന്തുണയുമായി പ്രവര്‍ത്തകർ ഒത്തുകൂടിയിരുന്നു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കൂ എന്ന ബാനർ ഉയര്‍ത്തിപ്പിടിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്.
ചോദ്യം ചെയ്യല്‍ മൂന്ന് ഘട്ടങ്ങളായി: അസിസ്റ്റന്‍റ് ഡയറക്‌ടര്‍ മോണിക്ക ശര്‍മയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യലിനിടെ വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ അഭിഭാഷകര്‍ക്കൊപ്പം മരുന്നുകളുമായി ഒരാളെ കൂടി ഒപ്പം അനുവദിക്കും.