ഹൈദരാബാദ് : തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് (Telangana Assembly Polls) മുന്നോടിയായി ആറ് വാഗ്‌ദാനങ്ങൾ (Six Guarantees) നൽകി കോൺഗ്രസ് മുതിർന്ന നേതാവ് സോണിയ ഗാന്ധി (Sonia Gandhi). മഹാലക്ഷ്‌മി പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തുടനീളമുള്ള സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടറുകൾ, സംസ്ഥാനത്തുടനീളമുള്ള ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ ഉൾപ്പെടുന്നതാണ് ആറ് വാഗ്‌ദാനങ്ങൾ. ഹൈദരാബാദിലെ തുക്കുഗുഡയിൽ നടത്തിയ കോൺഗ്രസിന്‍റെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ കോൺഗ്രസ് സംസ്ഥാനത്ത് അന്ന് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പ്രധാന വാഗ്‌ദാനങ്ങളും പാലിച്ചിരുന്നു. അതിന് പിന്നാലെയാണ് സോണിയ ഗാന്ധി അതേ പ്രഖ്യാപനങ്ങൾ തെലങ്കാനയിലും നടത്തിയത്. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ വരണമെന്നത് തന്‍റെ സ്വപ്‌നമാണെന്നും മുന്നോട്ടുവച്ച വാഗ്‌ദാനങ്ങൾ നിറവേറ്റാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം (Congress Working Committee) ഇന്ന് അവസാനിക്കുമ്പോൾ അഞ്ച് സംസ്ഥാനങ്ങളിലും വ്യക്തമായ ജനവിധി ലഭിക്കുമെന്ന് പാർട്ടി നേതാക്കൾ ശുഭാപ്‌തി വിശ്വാസം പ്രകടമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടി നേതാക്കൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും സിഡബ്ല്യുസിയിൽ ചർച്ച ചെയ്‌തതായാണ് വിവരം.