ന്യൂഡല്‍ഹി:സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ നിസാരവത്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 1947 ലെ ഇന്ത്യ-പാക് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള വീഡിയോ ബിജെപി പുറത്തിറക്കിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.
'സുഹൃത്തുക്കളേ, കഴിഞ്ഞ 75 വർഷത്തിനിടയിൽ നമ്മൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ ഇന്നത്തെ ആത്മരതിയില്‍ അഭിരമിക്കുന്ന സർക്കാർ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും രാജ്യത്തിന്‍റെ മഹത്തായ നേട്ടങ്ങളെയും നിസാരവത്‌കരിക്കാനാണ് ശ്രമിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല', ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാകിസ്ഥാന്‍റെ രൂപീകരണത്തിനായി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു വഴങ്ങുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. വീഡിയോയില്‍ ഉടനീളം നെഹ്‌റുവിനെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടക സർക്കാർ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നെഹ്‌റുവിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.