മുംബൈ : സൊണാലി ഫോഗട്ടിന്‍റെ മരണത്തിൽ അവരുടെ പിഎ സുധീർ സാങ്ക്വാനെതിരെ വെളിപ്പെടുത്തലുകളുമായി നടി രാഖി സാവന്ത്. സൊണാലിയുടെ മരണം കൊലപാതകമാണെന്ന് തനിക്ക് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. ബിഗ് ബോസ് 14ൽ സൊണാലിക്കൊപ്പം പങ്കെടുക്കുമ്പോൾ മുതല്‍ തനിക്ക് സുധീറിനെ സംശയമുണ്ടായിരുന്നുവെന്നും രാഖി പറയുന്നു.
സുധീർ നല്ല വ്യക്തിയായി തനിക്ക് തോന്നിയിരുന്നില്ല. ഇക്കാര്യം പലപ്പോഴും താൻ സൊണാലിയോട് വെളിപ്പെടുത്തുകയും സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയും ചെയ്‌തിരുന്നു. സൊണാലിക്കും 15കാരിയായ അവരുടെ മകൾ യശോധരയ്ക്കും നീതി ലഭിക്കണമെന്നും രാഖി സാവന്ത് പറഞ്ഞു.
ഓഗസ്റ്റ് 23നാണ് ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ സൊണാലി ഫോഗട്ട് ഗോവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സൊണാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 4 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്‌തത്. സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്‍റ് ആയിരുന്ന സുധീർ സാങ്ക്വാൻ, സഹായി സുഖ്‌വീന്ദർ സിങ്, സോണാലി താമസിച്ചിരുന്ന കുർലീസ് റെസ്റ്റോറന്‍റിന്‍റെ ഉടമ എഡ്വിൻ നൂൺസ്, മയക്കുമരുന്ന് ഇടനിലക്കാരൻ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.