ന്യൂഡൽഹി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്‍റെ മരണത്തെ തുടർന്ന് ഗോവയിലെ കർലീസ് റസ്റ്റോറന്‍റ് പൊളിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ. ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്ന് റസ്റ്റോറന്‍റ് ഉടമക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് ഇന്ന്(09.09.2022) രാവിലെ ഹോട്ടൽ പൊളിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. കോടതി ഉത്തരവിന് പിന്നാലെ പൊളിക്കൽ നടപടികൾ നിർത്തിവെച്ചു.
ഗോവയിലെ കർലീസ് റസ്റ്റോറന്‍റ് പൊളിക്കൽ നടപടികൾ ഹോട്ടൽ പൊളിക്കുന്നത് ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തീർപ്പാക്കുന്നത് വരെ ഹോട്ടൽ അടച്ചിടണമെന്നാണ് ഉത്തരവ്. സിആർഇസെഡ് (തീരദേശ പരിപാലന നിയമം) മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഹോട്ടൽ പൊളിക്കാൻ ഗോവ സർക്കാർ നടപടി എടുത്തത്. ഗോവയിലെ പ്രസിദ്ധമായ അഞ്ജുന ബീച്ചിൽ സ്ഥിതി ചെയ്യുന്ന കർലീസ് റെസ്റ്റോറന്‍റിന്‍റെ ഉടമ എഡ്വിൻ നൂൺസ് ഉൾപ്പെടെ അഞ്ച് പേരെ സൊണാലി ഫോഗട്ടിന്‍റെ മരണത്തെ തുടർന്ന് അറസ്റ്റ് ചെയ്‌തിരുന്നു.
ഓഗസ്റ്റ് 23ന് ഗോവയിലെ സെന്‍റ് ആന്‍റണി ഹോസ്‌പിറ്റലിൽ വച്ചാണ് സൊണാലിയുടെ മരണം സ്ഥിരീകരിച്ചത്. ഇതേ റസ്റ്റോറന്‍റില്‍ 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പൗരയായ കൗമാരക്കാരിയും കൊല്ലപ്പെട്ടിരുന്നു. 2008-ലാണ് കര്‍ലീസ് ഹോട്ടലില്‍ സ്‌കാർലറ്റ് ഈഡൻ കീലിങ് എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കൊലപാതകം നടന്നത്. സൊണാലിയുടെ മരണം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ആദ്യം കരുതിയിരുന്നെങ്കിലും സൊണാലി ഫോഗട്ടിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചതിന് പിന്നാലെ ഗോവ പൊലീസ് പേഴ്‌സണൽ അസിസ്‌റ്റന്‍റായ സുധീറിനും, സഹായിയായ സുഖ്‌വീന്ദറിനും എതിരെ കൊലപാതക കുറ്റം ചുമത്തി.
അമിതമായ ലഹരി ശരീരത്തില്‍ കലര്‍ന്നതാണ് സൊണാലിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗോവയിലെ ക്ലബ്ബില്‍ സഹായി സുഖ്‌വിന്ദര്‍ സിങിനും പിഎ സുധീർ സാഗ്‌വാനും ഒപ്പം സൊണാലി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. മരണം കൊലപാതകം ആണെന്നാരോപിച്ച് സൊണാലിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
ഗോവ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് മകൾ യശോദര ഫോഗട്ടും ആവശ്യപ്പെട്ടു.