ന്യൂഡൽഹി: ബിജെപി നേതാവും ടെലിവിഷൻ താരവുമായ സൊണാലി ഫൊഗട്ടിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. അതേസമയം സൊണാലി ഫോഗട്ടിന്‍റെ മരണത്തിൽ ഗോവ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ശരീരത്തിൽ ഒന്നിലധികം മുറിവുകൾ; ദുരൂഹത വർധിപ്പിച്ച് സൊണാലി ഫൊഗട്ടിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഓഗസ്റ്റ് 22 രാത്രി ഗോവയിൽ വച്ചാണ് സൊണാലി ഫൊഗട്ട് മരിച്ചത്. സൊണാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു
ഓഗസ്റ്റ് 22 രാത്രി ഗോവയിൽ വച്ചാണ് സൊണാലി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് നിഗമനം. എന്നാൽ സൊണാലിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സൊണാലിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
മരണപ്പെടുന്നതിന് തലേദിവസം ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെന്ന് തന്‍റെ അമ്മയോട് പറഞ്ഞിരുന്നുവെന്ന് സൊണാലിയുടെ സഹോദരി രൂപേഷ് പറഞ്ഞിരുന്നു. ചില ദുരൂഹതകള്‍ നടക്കുന്നുണ്ടെന്നും വാട്‌സ്‌ആപ്പില്‍ വിളിക്കാമെന്നും സൊണാലി പറഞ്ഞിരുന്നതായും സഹോദരി വ്യക്‌തമാക്കിയിരുന്നു.