ഹിസാർ (ഹരിയാന):ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹരിയാന ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്‍റെ ശവസംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്‌ച(26.08.2022) നടന്നു. സൊണാലിയുടെ മകൾ യശോധരയും സഹോദരനും ചേർന്ന് ഋഷി നഗറിലെ ശ്‌മശാനത്തിൽ ചിതയ്‌ക്ക് തീ കൊളുത്തി. അന്തിമോപചാരം അർപ്പിക്കാൻ വൻ ജനാവലിയെത്തി.
ബിജെപി നേതാവ് കുൽദീപ് ബിഷ്‌നോയ്, ഹിസാർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഗൗതം സർദാന, മുൻ മന്ത്രി സമ്പത്ത് സിങ്, നവീൻ ജയ്‌ഹിന്ദ് എന്നിവർ സൊണാലിക്ക് അന്തിമോപചാരം അർപ്പിച്ചു. ബിജെപി നേതാവും നടിയുമാണ് സൊണാലി ഫോഗട്ട്. വാർത്ത അവതാരകയായി കരിയർ ആരംഭിച്ച സൊണാലി 2016ൽ 'ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ' എന്ന ടിവി ഷോയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് സീസൺ 14 മത്സരാർഥിയായിരുന്നു സൊണാലി. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ ഹരിയാനയിലെ ആദംപൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ടിക് ടോക് വീഡിയോകളിലൂടെയാണ് സൊണാലി ഫോഗട്ട് പ്രശസ്‌തയാകുന്നത്.
മരണത്തിലെ ദുരൂഹത: ചൊവ്വാഴ്‌ച (23.08.22) ഗോവയിൽ വച്ചായിരുന്നു സൊണാലിയുടെ മരണം. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സൊണാലി മരണപ്പെട്ടിരുന്നു. സൊണാലിയുടെ ഭർത്താവും വർഷങ്ങൾക്ക് മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ആദ്യം കരുതിയിരുന്നെങ്കിലും സൊണാലി ഫോഗട്ടിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചതിന് പിന്നാലെ ഗോവ പൊലീസ് വ്യാഴാഴ്‌ച പേഴ്‌സണൽ അസിസ്‌റ്റന്‍റായ സുധീറിനും, സഹായിയായ സുഖ്‌വീന്ദറിനും എതിരെ കൊലപാതക കുറ്റം ചുമത്തി.
പൊലീസ് കണ്ടെത്തൽ:അമിതമായ ലഹരി ശരീരത്തില്‍ കലര്‍ന്നതാണ് സൊണാലിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തൽ. ഗോവയിലെ ക്ലബ്ബില്‍ സഹായി സുഖ്‌വിന്ദര്‍ സിങിനും പിഎ സുധീർ സാഗ്‌വാനും ഒപ്പം സൊണാലി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കിടെ ഇവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്‌തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഐജിപി ഓംവീർ സിങ് ബിഷ്‌ണോയ് പറഞ്ഞു.
കൊലപാതകമെന്ന് സഹോദരൻ:സൊണാലിയെ സഹായിയും പേഴ്‌സണല്‍ അസിസ്‌റ്റന്‍റും ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് താരത്തിന്‍റെ സഹോദരന്‍ റിങ്കു ധാക്ക ഗോവ പൊലീസിൽ പരാതി നൽകി. പിഎ സാഗ്‌വാന്‍ ലഹരി കലർത്തിയ ഭക്ഷണം നൽകി ബലാത്സംഗം ചെയ്യുകയും വീഡിയോ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് സൊണാലി പറഞ്ഞതായി റിങ്കുവിന്‍റെ പരാതിയിലുണ്ട്. തന്‍റെ സഹോദരിയുടെ രാഷ്‌ട്രീയ, അഭിനയ ജീവിതം നശിപ്പിക്കുമെന്ന് സാംഗ്‌വാൻ ഭീഷണിപ്പെടുത്തിയതായും, അവരുടെ ഫോണുകൾ, സ്വത്ത് രേഖകൾ, എടിഎം കാർഡുകൾ, വീടിന്‍റെ താക്കോലുകൾ എന്നിവ പിടിച്ചെടുത്തതായും റിങ്കു പരാതിയില്‍ വ്യക്തമാക്കുന്നു.
ശരിയായ അന്വേഷണം വേണമെന്ന് കുടുംബം: മരണം കൊലപാതകം ആണെന്നാണ് കുടുംബം പറയുന്നത്. തലേദിവസം ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെന്ന് തന്‍റെ അമ്മയോട് പറഞ്ഞിരുന്നുവെന്ന് സൊണാലിയുടെ സഹോദരി രൂപേഷ് പറഞ്ഞു. തന്‍റെ സഹോദരി ശാരീരികമായി ആരോഗ്യവതിയാണെന്നും ഹൃദയാഘാതമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് സൊണാലിയുടെ മൂത്ത സഹോദരനായ രമന്‍ പറഞ്ഞു. സൊണാലിയുടെ മരണത്തില്‍ ശരിയായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read: പാര്‍ട്ടിക്കിടെ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി, സൊണാലിയുടെ മരണം അമിത അളവില്‍ ലഹരി അകത്തുചെന്ന്