പനാജി (ഗോവ) : ബിജെപി നേതാവും ടിവി താരവുമായിരുന്ന സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. അമിതമായ ലഹരി ഉപയോഗമാണ് സൊണാലിയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗോവയിലെ ക്ലബ്ബില്‍ സഹായി സുഖ്‌വിന്ദര്‍ സിങ്ങിനും പിഎ സുധീർ സാഗ്‌വാനും ഒപ്പം സൊണാലി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കിടെ ഇവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്‌തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഐജിപി ഓംവീർ സിങ് ബിഷ്‌ണോയ് പറഞ്ഞു. പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കേസില്‍ നേരത്തെ ഇരുവരെയും ഗോവ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. സൊണാലിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു. വെള്ളിയാഴ്‌ച (ഓഗസ്റ്റ് 25) രാവിലെയാണ് സൊണാലിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയത്. ശരീരത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സംഭവിച്ച ഒന്നിലധികം മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.