കൊല്‍ക്കത്ത :സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍ ഇത്തവണ സംഘടിപ്പിക്കുന്ന ദുര്‍ഗ പൂജയിലേക്ക് (Sonagachi Durgotsav) മത പുരോഹിതര്‍ക്ക് ക്ഷണം. വിവിധ മതങ്ങളില്‍ നിന്നുള്ള പുരോഹിതന്മാരെയാണ് ദുര്‍ഗ പൂജയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്‌ത്യന്‍, സിഖ് സമുദായങ്ങളില്‍ നിന്നുള്ള പുരോഹിതന്മാരാണ് പ്രധാനമായും ക്ഷണിക്കപ്പെട്ട അതിഥികള്‍ (sex workers invite Religious heads in Durgotsav).
കഴിഞ്ഞ 10 വര്‍ഷമായി ലൈംഗിക തൊഴിലാളികള്‍ സോനാഗച്ചിയില്‍ (Sex workers Sonagachi) ദുര്‍ഗ പൂജ സംഘടിപ്പിച്ചു വരുന്നു. എന്നാല്‍ ഇത്തവണ മത പുരോഹിതരെ ക്ഷണിച്ചു കൊണ്ട് പൂജ വ്യത്യസ്‌തമാക്കാന്‍ ഒരുങ്ങുകയാണ് ലൈംഗിക തൊഴിലാളികള്‍. വീര്‍ഭൂമിയിലെ താരാപീഠത്തിലെ പ്രധാന പുരോഹിതന്‍, ഗുരുദ്വാര പുരോഹിതന്‍, നഖോഡ മസ്‌ജിദ് ഇമാം തുടങ്ങിയവര്‍ അതിഥി പട്ടികയില്‍ ഉണ്ട്. ഇത്തവണത്തെ പൂജ ഈ പുരോഹിതര്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ വിമന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി വിശാഖ ലഷ്‌കര്‍ പറഞ്ഞു.
'ലൈംഗിക തൊഴിലാളികള്‍ മതത്തിന്‍റെ പേരില്‍ പരസ്‌പരം പോരടിക്കുന്നില്ല. ഞങ്ങളെ തേടിയെത്തുന്നവരും മതം നോക്കിയല്ല വരുന്നത്. പക്ഷേ അവര്‍ ഞങ്ങളുടെ അടുത്ത് നിന്ന് പോയി കഴിഞ്ഞാല്‍ അവര്‍ ഹിന്ദു, മുസ്‌ലിം, സിഖ് എന്നിങ്ങനെ സ്വയം തരംതിരിക്കുന്നു. അതുകൊണ്ട്, എല്ലാ മതങ്ങളും തമ്മിലുള്ള സൗഹാര്‍ദം കൈമാറാന്‍ ഞങ്ങള്‍ സോനാഗച്ചിയില്‍ ശ്രമിക്കുന്നു' -വിശാഖ ലഷ്‌കര്‍ പറഞ്ഞു.