ജബൽപൂർ: വീട്ടിൽ നിന്നിറക്കിവിട്ട പിതാവിനെ മജിസ്‌ട്രേറ്റിന്‍റെ ഇടപെടൽ മൂലം തിരിച്ചുവിളിച്ച മകൻ 'പ്രായശ്ചിത്തം' നിറവേറ്റിയത് അദ്ദേഹത്തിന്‍റെ കാൽ കഴുകി. മധ്യപ്രദേശിലെ സിഹോറയിലാണ് നാടകീയ സംഭവം. മകനും മരുമകളും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ആനന്ദ് ഗിരിയെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആശിഷ് പാണ്ഡേയയുടെ ഇടപെടലിലൂടെയാണ് വീട്ടിലേക്ക് തിരികെയെത്തിച്ചത്.
വീട്ടിൽ നിന്നിറക്കിവിട്ട പിതാവിനെ തിരിച്ചുവിളിച്ചു, പിന്നാലെ നാടകീയ മുഹൂർത്തം; 'പ്രായശ്ചിത്തം' നിറവേറ്റിയത് കാൽ കഴുകി - Sub Divisional Magistrate Ashish Pandeya
മകനും മരുമകളും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ആനന്ദ് ഗിരിയെ തിരികെയെത്തിച്ചത് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ ഇടപെടലിലൂടെ.
ഏപ്രിലിലാണ് 85കാരനായ ആനന്ദ് ഗിരിയെ അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും മകനും ഭാര്യയും ചേർന്ന് പുറത്താക്കിയത്. ഇത് ഗിരി തന്നെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മകന് നോട്ടീസ് നൽകി വിളിപ്പിച്ച മജിസ്‌ട്രേറ്റ്, ഇരുവരെയും കൗൺസിലിങിന് വിധേയമാക്കി.
മകന്‍റെയും പിതാവിന്‍റെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനായിരുന്നു കൗൺസിലിങ്. ഒടുവിൽ ഒത്തുതീർപ്പിലെത്തിയ മകൻ തങ്ങളുടെ മതപരമായ ആചാരപ്രകാരം പിതാവിന്‍റെ പാദങ്ങൾ കഴുകുകയായിരുന്നു. ഇരുവരും സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് ആശിഷ് പാണ്ഡേയ പറഞ്ഞു.